ടിനി ടോമിനെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തയാൾ പോലീസ് പിടിയിൽ

നടൻ ടിനി ടോമിനെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തയാളെ പോലീസ് പിടികൂടി. പരാതി നൽകി 10 മിനിട്ടിനുള്ളിൽ ഇയാളെ പോലീസ് പിടികൂടിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ ടിനി ടോം തന്നെയാണ് അറിയിച്ചത്. മാസങ്ങളായി ഷിയാസ് എന്നു പറഞ്ഞു പരിചയപ്പെടുത്തിയ യുവാവ് തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയാണ്. ആ നന്പർ ബ്ലോക്ക് ചെയ്യുന്പോൾ അവൻ അടുത്ത നന്പറിൽനിന്നും വിളിക്കും. ഞാൻ തിരിച്ച് പറയുന്നതു റിക്കാർഡ് ചെയ്ത് പ്രചരിപ്പിക്കുക എന്നതാണ് ഇയാളുടെ ലക്ഷ്യമെന്നും, ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകിയതെന്നും ടിനി ടോം പറഞ്ഞു.
ചെറിയ പയ്യനാണെന്നും, ഭാവിയെ ഓർത്ത് കേസ് പിൻവലിച്ചുവെന്നും ടിനി അറിയിച്ചു. " ചെറിയ മാനസിക പ്രശ്നമുള്ളയാളാണ് അതെന്ന് അറിയാൻ കഴിഞ്ഞു. ബാഹ്യമായ ഇടപെടൽ ഇല്ലെങ്കിൽ മികച്ച സേനയാണ് നമ്മുടെ പോലീസ്. എല്ലാവർക്കും നന്ദി. ഉപദ്രവിക്കാതിരിക്കൂ" ടിനി ടോം പറഞ്ഞു.