സംവിധായകൻ എസ്.പി ജനനാഥൻ ഗുരുതരാവസ്ഥയിൽ
ചെന്നൈ: സംവിധായകൻ എസ്.പി ജനനാഥൻ ഗുരുതരാവസ്ഥയിൽ. ഹോട്ടൽ മുറിയിൽ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്തെ സിനിമാപ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് അദ്ദേഹമിപ്പോൾ സംവിധാനം ചെയ്യുന്നത്. അതിന്റെ എഡിറ്റിങ് ജോലികൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇടവേളയിൽ സ്റ്റുഡിയോയിൽ നിന്ന് ഹോട്ടലിലേക്ക് പോയതായിരുന്നു അദ്ദേഹം. നാല് മണി കഴിഞ്ഞിട്ടും സ്റ്റുഡിയോയിൽ തിരികെ വരാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഹോട്ടൽ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് ബോധമില്ലാത്ത നിലയിൽ കാണുന്നത്.