‘സൂരറൈ പോട്ർ’ ഓസ്‌കറിന്റെ ആദ്യ കടന്പ കടന്നു
ചെന്നൈ: ഓസ്‌കറിൽ മത്സരിക്കാൻ ആദ്യഘട്ടം കടന്ന് സൂര്യ ചിത്രം ‘സൂരറൈ പോട്ർ’. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒർജിനൽ സ്‌കോർ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. 93−ാമത് ഓസ്‌കർ പുരസ്‌കാരത്തിന് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ് ചിത്രം ഇപ്പോൾ.
പ്രാഥമികഘട്ടത്തിൽ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് സൂരറൈ പോട്ർ. ജനറൽ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്കു കൂടി യാത്ര ചെയ്യാൻ കഴിയുന്ന വിമാന സർവീസ് ഒരുക്കിയ എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരറൈ പോട്ർ.
ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ മത്സര ചിത്രങ്ങൾക്കുള്ള നിയമത്തിൽ ഇളവ് വരുത്തിയതോടെ ഡയറക്ട് ഒ.ടി.ടി റിലീസ് ചിത്രങ്ങൾക്കും മത്സരിക്കാനുള്ള അവസരം ഇത്തവണ അക്കാദമി അനുവദിച്ചു. ഇതോടെയാണ് സൂരറൈ പോട്ർ മത്സരത്തിനെത്തിയത്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയാണ് ജൂറി അംഗങ്ങൾ സിനിമ കണ്ടത്. മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വർഷത്തെ നോമിനേഷനുകൾ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു മത്സരിക്കാൻ യോഗ്യത നേടിയത്.