മഹേഷ് ഭട്ട് ബോളിവുഡ് ഡോണ്‍ ആണ്; നിരവധി പേരുടെ ജീവിതം തകര്‍ത്തു; വെളിപ്പെടുത്തലുമായി നടി

ന്യൂഡൽഹി: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ട് ബോളിവുഡ് ഡോണ്‍ ആണെന്നും നിരവധി പേരുടെ ജീവിതം മഹേഷ് ഭട്ട് തകര്‍ത്തിട്ടുണ്ടെന്നും ബന്ധുവും നടിയുമായ ലുവിയേന ലോധ്. മഹേഷ് ഭട്ടിന്റെ അനന്തരവന്‍ സുമിത്ത് സബര്‍വാളിന്റെ ഭാര്യയാണ് ലുവിയേന.
സുമിത്ത് ബോളിവുഡില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നുവെന്ന് അറിഞ്ഞതോടെ താന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. മഹേഷ് ഭട്ടിന് സുമിത്തിന്റെ മയക്കുമരുന്ന് വിതരണത്തെ കുറിച്ച് അറിയാം. മഹേഷ് ഭട്ടും കുടുംബവും തന്നെ ഉപദ്രവിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയുമാണ്. സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ് ഭട്ട്. ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത് തന്നെ അയാളാണ്. മഹേഷിന്റെ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം പ്രയാസത്തിലാകും.സിനിമയില്‍ അവസരമില്ലാതാകും. നിരവധി പേരുടെ ജീവിതമാണ് മഹേഷ് ഭട്ട് ഇത്തരത്തില്‍ തകര്‍ത്തത്.അയാളുടെ ഒരു ഫോണ്‍ കോള്‍ മതി ജോലി ഇല്ലാതാകാന്‍.-ലുവിയേന പറഞ്ഞു.
മഹേഷ് ഭട്ടിനെതിരെ കേസ് കൊടുത്തപ്പോള്‍ വീട്ടില്‍ അതിക്രമിച്ചുകയറി തന്നെ പുറത്താക്കാന്‍ ശ്രമിച്ചു.തന്റെ പരാതിയില്‍ പൊലീസ് ഒരു നടപടിയും ഇതുവരെ എടുത്തിട്ടുമില്ല. തന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതിയാണ് വീഡിയോയില്‍ എല്ലാം വെളിപ്പെടുത്തിയത്. നാളെ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ മഹേഷ് ഭട്ട്,മുകേഷ് ഭട്ട്, സുമിത്, സഹില്‍ സെഗാള്‍, കുംകും സെഗാള്‍ എന്നിവരായിരിക്കുമെന്നും ലുവിയേന പറഞ്ഞു.