സജനയ്ക്ക് കൈത്താങ്ങുമായി ജയസൂര്യ

വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്ജെൻഡർ സജനയ്ക്ക് നേരെ സാമൂഹിക വിരുദ്ധർ നടത്തിയ ആക്രമണം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. സംഭവത്തിൽ നടപടികൾ ശക്തമാകുന്പോൾ, സജനക്ക് സാന്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജയസൂര്യ.
സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാൻ ജയസൂര്യ സാന്പത്തികസഹായം നൽകും. ഇവരുടെ ദുരിതം വാർത്തകളിലൂടെ അറിഞ്ഞാണ് നടൻ സഹായവുമായി രംഗത്തെത്തിയത്. കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടമായപ്പോൾ കുടുക്കയിൽ സൂക്ഷിച്ചതും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാറ്റിവെച്ചതുമായ പണമെടുത്താണ് സജന എറണാകുളത്ത് വഴിയോരത്ത് ബിരിയാണിക്കച്ചവടം തുടങ്ങിയത്.
ഇവർ ജോലി നഷ്ടപ്പെട്ട മൂന്നു പേർക്ക് ജോലി നൽകുകയും വൈകുന്നേരങ്ങളിൽ തെരുവിൽ കഴിയുന്ന കുറച്ചുപേർക്ക് ഭക്ഷണവും നൽകിയിരുന്നു. എന്നാൽ സജനയെയും ഒപ്പമുള്ളവരെയും കഴിഞ്ഞ ദിവസം മറ്റ് കച്ചവടക്കാർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു.
ആണുംപെണ്ണും കെട്ടവരെന്ന് വിളിക്കുകയും ബിരിയാണിയിൽ പുഴുവാണെന്ന് പറഞ്ഞ് ഭക്ഷണം വാങ്ങാൻ വന്നവരെ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.