ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിജയ്


ചെന്നൈ: ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇപ്പോൾ സാധിക്കില്ലെന്ന് കാട്ടി നടൻ വിജയ് കത്ത് നൽകി. ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് വിജയ് കത്തു നൽകിയത്. ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ അസൗകര്യമുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഹാജകാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് കിട്ടിയത്.
'മാസ്റ്റർ' എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നിരുന്നു. വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പ്.