പുഷ്പ-2 റിലീസിനിടെ മരണം: എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍
പുഷ്പ-2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തനിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു. കേസിൽ കോടതി ഉടൻ വാദം കേൾക്കും. ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ തുടർ നടപടികളും നിർത്തിവയ്ക്കണമെന്നും അല്ലു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ അല്ലു, തീയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പോലീസിനെയും അറിയിച്ചിരുന്നതായും ക്രമീകരണങ്ങൾ ഏർപ്പെടുത്താന്‍ നിർദേശിച്ചിരുന്നതായും ഹർജിയില്‍ ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ വ്യക്തമാക്കി.
മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ താരത്തെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴായിരുന്നു സംഭവം. ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (ഒമ്പത്) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഡിസംബർ അഞ്ചിന് അല്ലു അർജുനും സുരക്ഷാ സംഘത്തിനും തീയറ്റർ മാനേജ്‌മെന്‍റിനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) 105, 118 (1) വകുപ്പുകൾ പ്രകാരമാണ് ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തീയറ്ററിന്‍റെ ഉടമകളില്‍ ഒരാള്‍, സീനിയർ മാനേജർ, ലോവർ ബാൽക്കണിയിലെ സുരക്ഷ ജീവനക്കാരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
aswDFSAAS