ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി. അദീബ് അഹമ്മദിനെ നിയമിച്ചു
കൊച്ചി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സിന്റെ മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമദിനെ മിഡിൽ ഈസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡ്സ്ട്രി ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ നടന്ന ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ ആറാമത്തെ യോഗത്തിലാണ് അദ്ദേഹത്തെ ഈ സ്ഥാനത്തിലേയ്ക്ക് തെരഞ്ഞെടുത്തത്.
യോഗത്തിൽ ഫിക്കി സെക്രട്ടറി ജനറൽ ശൈലേഷ് പതക്, സീനിയർ ഡയറക്ടറും, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയൺ ഹെഡുമായ ഗൗതം ഘോഷ്, ജോയിന്റ് ഡയറക്ടറും, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയൻ ഹെഡുമായ ദീപ്തി പന്ത് എന്നിവർ പങ്കെടുത്തു. ഇരുമേഖലകളിലെയും വ്യാവസായിക രംഗത്ത് വർദ്ധിച്ചു വരുന്ന നിക്ഷേപ അവസരങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു. അടുത്ത സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ആസൂത്രണവും അത് നടപ്പിലാക്കുന്നതിനായുള്ള വിവിധ അംബാസിഡർമാരെയും യോഗം കണ്ടെത്തി.
സാമ്പത്തിക സേവനരംഗത്തും, ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ സംരഭകനാണ് അദീബ് അഹമദ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സിന് പത്തോളം രാജ്യങ്ങളിൽ സാന്നിദ്ധ്യമുണ്ട്.
a