5G സിഗ്നലുകൾ വിമാന സർവ്വീസുകളെ ബാധിച്ചേക്കുമെന്ന ആശങ്കയ്ക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ
5G സിഗ്നലുകൾ വിമാന സർവ്വീസുകളെ ബാധിക്കുമോയെന്ന ആശങ്കയ്ക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ. വ്യോമയാന മന്ത്രാലയവും ടെലികോം മന്ത്രാലയവും ചേർന്നാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രം ഉടൻ പുറത്തിറക്കും. 5 ജി സിഗ്‌നലുകളും ഓൾട്ടിമീറ്റർ സിഗ്‌നലുകളും കൂടിക്കലർന്ന് വിമാന സർവീസുകൾക്ക് തടസമുണ്ടാക്കുമെന്ന ആശങ്ക ലോകവ്യാപകമായുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
5G സിഗ്നലുകൾ വിമാനത്തിന്റെ ഓൾട്ടിമീറ്ററിൽ ഉണ്ടാക്കുന്ന തടസ്സമാണ് നിയന്ത്രണം കൊണ്ടുവരുന്നതിന് പിന്നിലെ കാരണം. ഇതനുസരിച്ച് 5 ജിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ വിമാനത്താവളങ്ങളിൽനിന്ന് അകലെ സ്ഥാപിക്കാനും സിഗ്‌നലുകളുടെ ശക്തി കുറയ്ക്കാനും നിർദേശമുണ്ടാകും. അതിനാൽ നിശ്ചിത പരിധിക്കുളളിലെ വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള ജനവാസ മേഖലകൾക്ക് തൽക്കാലം 5G സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തും.
ഇതിനൊപ്പം രാജ്യത്തെ എല്ലാ വിമാനങ്ങളിലെയും ഓൾട്ടിമീറ്റർ (സമുദ്ര നിരപ്പിൽനിന്നുള്ള ഉയരം നിശ്ചയിക്കാനുള്ള ഉപകരണം) 2023 ഓഗസ്റ്റിനു മുമ്പ് നവീകരിക്കേണ്ടി വരും. ഇതു സംബന്ധിച്ച നിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കും. നിലവിൽ പല തരത്തിലുള്ള ആശങ്കകൾ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേറ്ററും (എഫ്എഎ) ഇന്ത്യൻ പൈലറ്റുമാരുടെ ഫെഡറേഷനും 5 ജി സിഗ്നലുകൾ ഓൾട്ടിമീറ്റർ സിഗ്‌നലുകളെ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു.
നിലവിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് വിമാനത്താവളങ്ങൾക്ക് സമീപം 5G നഗരങ്ങൾ സ്ഥാപിക്കുന്നതിൽ നിയന്ത്രണം വ്യക്തമാക്കിക്കൊണ്ടുളള നോട്ടീസ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ നിന്ന് ലഭിച്ചതായാണ് റിപ്പോർട്ട്. നടപടികൾ ടെലികോം സേവന ദാതാക്കൾ ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
AA