ഇന്ത്യയുടെ ഡിജിറ്റൽ കറൻസി നാളെ മുതൽ, തുടക്കം നാല് നഗരങ്ങളിൽ


ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയുടെ (e₹-R) ഒന്നാംഘട്ട റീട്ടെയിൽ സേവനത്തിന് പൈലറ്റ് (പരീക്ഷണ) അടിസ്ഥാനത്തിൽ ഡിസംബർ ഒന്നുമുതൽ നാല് നഗരങ്ങളിൽ റിസർവ് ബാങ്ക് തുടക്കമിടും. മുംബയ്, ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നിവയാണ് ആദ്യഘട്ടത്തിൽ.

ഉപഭോക്താക്കളിൽ നിന്നും വ്യാപാരികളിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് (ക്ളോസ്ഡ് യൂസർ ഗ്രൂപ്പ്/സി.യു.ജി) ആദ്യം സേവനം ലഭിക്കുക. നിലവിലെ രൂപാ നോട്ടുകളുടെയും നാണയങ്ങളുടെയും അതേമൂല്യമുള്ള ഡിജിറ്റൽ രൂപമാണ് e₹-R. ഡിജിറ്റൽ റുപ്പിയുടെ ഹോൾസെയിൽ (e₹-W) പൈലറ്റ് സേവനത്തിന് നവംബർ ഒന്നിന് റിസർവ് ബാങ്ക് തുടക്കമിട്ടിരുന്നു.

ബാങ്കുകൾ വഴിയാണ് ഡിജിറ്റൽ വാലറ്റുകളിലൂടെ റീട്ടെയിൽ ഡിജിറ്റൽ കറൻസി വിതരണം ചെയ്യുകയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. മൊബൈൽഫോൺ/ഡിജിറ്റൽ ഡിവൈസുകളിൽ ഇവ സൂക്ഷിക്കാം. വ്യക്തികൾ തമ്മിലും (പി2പി) വ്യക്തികളും വ്യാപാരികളും തമ്മിലും (പി2എം) ഇടപാട് നടത്താം. കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്‌ത് പേമെന്റുകൾ നടത്താം. ഡിജിറ്റൽ റുപ്പി അക്കൗണ്ടിൽ സൂക്ഷിക്കുന്നതിന് ബാങ്കുകളിൽ നിന്ന് പലിശയൊന്നും കിട്ടില്ല.

എട്ട് ബാങ്കുകളെയാണ് റീട്ടെയിൽ ഡിജിറ്റൽ റുപ്പിയുടെ വിതരണത്തിനായി റിസർവ് ബാങ്ക് തിരഞ്ഞെടുത്തിട്ടുള്ളത്. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്‌റ്റ് ബാങ്ക് എന്നിവയാണ് ഒന്നാംഘട്ടത്തിൽ. അടുത്തഘട്ടത്തിൽ ബാങ്ക് ഒഫ് ബറോഡ, യൂണിയൻ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും ചേരും.

ആദ്യഘട്ടത്തിലെ 4 നഗരങ്ങളിലെ ഒരുമാസത്തെ സേവനം വിലയിരുത്തി കോട്ടങ്ങൾ പരിഹരിച്ചും മികവുകൾ കൂട്ടിയും രണ്ടാംഘട്ടത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് ഡിജിറ്റൽ കറൻസി എത്തിക്കും. അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇൻഡോർ, ലക്‌നൗ, പാട്‌ന, ഷിംല എന്നിവയാണ് കൊച്ചിക്ക് പുറമേ അടുത്തഘട്ടത്തിലെ നഗരങ്ങൾ.

സുരക്ഷിതത്വമോ നിയന്ത്രണമോ ഇല്ലാത്ത ക്രിപ്‌റ്റോകറൻസികൾക്ക് തടയിടാനും പേമെന്റ് സേവനങ്ങൾ സജീവമാക്കാനും റിസർവ് ബാങ്ക് ഒരുക്കുന്നതാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) എന്ന ഡിജിറ്റൽ റുപ്പി. ഡിജിറ്റൽ രൂപ (ഇ-രൂപ / ഇ-റുപ്പി ) രൂപയ്ക്ക് പകരമല്ല. നിലവിലെ പേമെന്റ് സംവിധാനങ്ങൾ തുടരും.

ബ്ളോക്ക് ചെയിൻ, ബിഗ് ഡേറ്റ തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങൾ അടിസ്ഥാനമാക്കിയാണ് ഇ-റുപ്പി ഒരുക്കുന്നത്. ഹോൾസെയിൽ, റീട്ടെയിൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും മേൽനോട്ടമുണ്ടെന്നതാണ് മികവ്. ഉപയോഗിക്കാൻ ബാങ്ക് അക്കൗണ്ട് വേണ്ട.

article-image

AAA

You might also like

Most Viewed