ഒന്നിക്കാനൊരുങ്ങി എയർ ഇന്ത്യയും, വിസ്താരയും ; വമ്പൻ പദ്ധതികളുമായി ടാറ്റ
ടാറ്റ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയും, സിംഗപ്പൂർ എയർലൈൻസുമായി ചേർന്നുള്ള സംയുക്ത സംരംഭമായ വിസ്താരയും ലയിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ലയന നടപടികൾ 2024 മാർച്ചിൽ പൂർത്തിയാകുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. 2022 ജനുവരിയിലാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ഇതോടെ, എയർ ഇന്ത്യയുടെ പൂർണ ഉടമസ്ഥാവകാശവും ടാറ്റ ഗ്രൂപ്പിന് തന്നെയാണ്.
ടാറ്റ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് വിസ്താരയിൽ ഉള്ളത്. ബാക്കിയുള്ള ഓഹരികൾ സിംഗപ്പൂർ എയർലൈൻസിനാണ്. എന്നാൽ, എയർ ഇന്ത്യയും വിസ്താരയും ലയിച്ച് ഉണ്ടാകുന്ന പുതിയ കമ്പനിയിൽ 2,058.5 കോടി രൂപ നിക്ഷേപിക്കുമെന്ന് സിംഗപ്പൂർ എയർലൈൻസ് അറിയിച്ചിട്ടുണ്ട്. ഇതോടെ, 25.1 ശതമാനം ഓഹരി പങ്കാളിത്തമാണ് സിംഗപ്പൂർ എയർലൈൻസിന് ലഭിക്കുക.
എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നതോടെ 218 എയർക്രാഫ്റ്റുകളുമായി ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയും രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയുമായി എയർ ഇന്ത്യ മാറും. വിസ്താരയ്ക്ക് പുറമേ, എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയെയും ഒറ്റ ബ്രാൻഡിന് കീഴിലാക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.
aa