മുളകിന് ഇനി എരിവ് കൂടും!


വില കേട്ടാൽ മനസ്സിൽ എരിവു പടർത്തുന്ന നിലയിലേക്കു കുതിക്കുകയാണു ചുവന്ന മുളകിന്റെ വില. ഒരു വർഷം മുൻപ് കിലോഗ്രാമിനു 106 രൂപയ്ക്ക് മൊത്തവിതരണക്കാർക്കു ലഭിച്ച ചുവന്ന മുളകിന് ഇപ്പോൾ ഹോൾസെയിൽ വില 338 രൂപയിൽ എത്തിനിൽക്കുന്നു. വർധനയുടെ തോത് 200 ശതമാനത്തിനു മീതെ. പൊതുവിപണിയിൽ ചുവന്ന മുളകിന് കിലോഗ്രാമിനു 360 രൂപയ്ക്കു മുകളിലാണിപ്പോൾ.

ആന്ധ്രയിൽ മുളകുകൃഷിക്കുണ്ടായ തകർച്ചയും ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുണ്ടായ കയറ്റുമതിയിലെ വർധനയുമാണു ചുവന്ന മുളകിന്റെ വില കുത്തനെ കൂട്ടിയത്. അടുത്ത മാസം മൊത്തവില 360 രൂപയ്ക്കു മുകളിലെത്തുന്നതോടെ റീട്ടെയ്ൽ കടകളിൽ വില 400 രൂപ കടക്കാനാണു സാധ്യത. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നുതരം ചുവന്ന മുളക് മാർക്കറ്റിൽ ലഭ്യമാണ്. മികച്ച ഗുണനിലവാരമുള്ളതിന്റെ വിലയ്ക്കാണു പലപ്പോഴും രണ്ടാംതരം വറ്റൽമുളകിന്റെ വിൽപന. പിരിയൻ മുളകിന്റെ ലഭ്യത മാർക്കറ്റിൽ കുറവാണിപ്പോൾ. അതോടെ വിപണിയിൽ അതിന്റെ വിലയും കുതിപ്പിൽ തന്നെ. മൊത്തവിതരണ വില കിലോഗ്രാമിന് 550 രൂപയാണിപ്പോൾ.

ആന്ധ്രയിലെ ഗുണ്ടൂർ, തെലങ്കാനയിലെ വാറങ്കൽ പ്രദേശങ്ങളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും ചുവന്ന മുളക് എത്തുന്നത്. സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിക്കുമ്പോൾ വിപണി ഇടപെടൽ നടത്തുന്ന സപ്ലൈകോ, ആന്ധ്രപ്രദേശ് മാർക്കറ്റിൽനിന്ന് മാസം 1000 മെട്രിക് ടൺ മുളക് സപ്ലൈകോ വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം സപ്ലൈകോ കീലോഗ്രാമിനു 100 രൂപ തോതിലാണ് ഹോൾസെയിൽ വിലയ്ക്ക് മുളക് വാങ്ങിയത്. കഴിഞ്ഞ മാസം അത് 250 രൂപയായി. ഈ മാസം വാങ്ങിയത് ഒരു കിലോയ്ക്ക് 272 രൂപയ്ക്കാണ്. സബ്സിഡിയിൽ ഈ മുളകു വിൽക്കുന്നതാകട്ടെ 75 രൂപയ്ക്കും. സബ്സിഡിയിനത്തിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കോടിക്കണക്കിനു രൂപ കുടിശികയാണ്.

article-image

aa

You might also like

Most Viewed