പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഒരു മാസം കാലാവധിയിൽ പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ട്രായ്

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഒരു മാസം കാലാവധിയിൽ പ്ലാനുകൾ അവതരിപ്പിക്കണമെന്ന് മൊബൈൽ സേവനദാതക്കളോട് ആവശ്യപ്പെട്ട് ട്രായ്(telecom regulatory authority of india). കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, സ്‌പെഷ്യൽ താരീഫ് വൗച്ചർ, ഒരു കോംന്പോ വൗച്ചർ എന്നിവ അനുവദിക്കണമെന്നാണ് ട്രായ് നിലപാട്. ഈ പ്ലാനുകൾ എല്ലാ മാസവും ഒരേ തിയതിയിൽ പുതുക്കാൻ സാധിക്കുന്നവ ആയിരിക്കണം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് നൽകുന്നതിന് സമാനമായി മാസത്തിൽ എത്ര ദിവസമുണ്ടോ അത്രയും നാൾ ഉപയോഗിക്കാനാവുന്ന പ്ലാനുകളാണ് ടെലികോം കന്പനികൾ നടപ്പാക്കേണ്ടത്. ഇത് കൂടാതെ 30 ദിവസത്തെ കാലവധിയിലും കുറഞ്ഞത് ഒരു ഒരു പ്ലാൻ വൗച്ചർ, സ്‌പെഷ്യൽ താരീഫ് വൗച്ചർ, ഒരു കോംന്പോ വൗച്ചർ എന്നിവയും അവതരിപ്പിക്കണം. പുതിയ പ്ലാനുകൾ നടപ്പാക്കാൻ കന്പനികൾക്ക് ബില്ലിംഗ് സിസ്റ്റത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി 60 ദിവസത്തെ സമയവും ട്രായ് അനുവദിച്ചിട്ടുണ്ട്.
എന്നാൽ ഒരു മാസം കാലവധിയുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് ടെലികോം കന്പനികളുടെ നിലപാട്. നിലവിൽ 24 28 56 84 ദിവസം കാലാവധിയിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് കന്പനികൾ നൽകുന്നത്. നിലവിൽ ഭൂരിഭാഗം ഉപഭോക്താക്കളും തെരഞ്ഞെടുക്കുന്നത് 28 ദിവസത്തെ പ്ലാനുകളാണ്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ഒരു വർഷം 13 തവണയാണ് റീചാർജ് ചെയ്യേണ്ടി വരിക. ഒരു മാസത്തെ പ്ലാനാണെങ്കിൽ റീചാർജുകളുടെ എണ്ണം 12 ആക്കി ചുരുക്കാം. ഫിക്‌സഡ് ബിൽ ഉള്ള പോസ്റ്റ്‌പെയ്ഡ് കണക്ഷനുകൾ പോലെ പ്രീപെയ്ഡ് പ്ലാനുകളെ പരിഗണിക്കാനാവില്ലെന്നും ദിവസങ്ങളുടെ എണ്ണം മാറി വരുന്ന മാസങ്ങളിൽ ഏതൊക്കെ സേവനങ്ങൾ അനുവദിക്കണമെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ടെലികോം കന്പനികൾ അറിയിച്ചു.