മലേഷ്യയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 15 പുതിയ ലുലു ഹൈപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കും
അബുദാബി: മലേഷ്യയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 15 പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി മൊഹിയുദ്ദീൻ യാസീനുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇത് അറിയിച്ചത്. ഗ്രൂപ്പിന്റെ മലേഷ്യയിലെ വിപുലീകരണ പ്രവർത്തനങ്ങളെ കുറിച്ച് യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. നിലവിൽ രണ്ട് ഹൈപ്പർമാർക്കറ്റുകളാണ് മലേഷ്യയിലുള്ളത്. ഈ വർഷം നാൽ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കും.
ക്വലാലന്പൂർ, സെലാംഗൂർ, ജോഹോർ, പുത്രജയ തുടങ്ങി വിവിധ നഗരങ്ങളിലാണ് പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. ലോജിസ്റ്റിക്‌സ് ഹബ്ബും ഇതിനോടൊപ്പം ചേർന്ന് ആരംഭിക്കുമെന്നും ലുലു ഗ്രുപ്പിന്റെ മലേഷ്യയിലെ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് മലേഷ്യന്‍ സർക്കാർ നൽകുന്നതെന്നും യൂസഫലി കൂടിക്കാഴ്ചക്കിടെ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലേഷ്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിനെയും ചെയർമാൻ എം.എ.യൂസഫലിയെയും മലേഷ്യൻ പ്രധാനമന്ത്രി യോഗത്തിൽ വെച്ച് അഭിനന്ദിക്കുകയും ചെയ്തു. ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, ഓപ്പറേഷൻസ് ഓഫീസർ സലീം വി.ഐ. എന്നിവരും സംബന്ധിച്ചു.