ആമസോൺ മഴക്കാടുകളുടെ ഭാഗങ്ങൾ ഫേസ്ബുക്ക് വഴി വിൽക്കുന്നു!!!!


ബ്രസീലിയ: ബ്രസീസീലിലെ ആമസോൺ മഴക്കാടുകളുടെ ഭാഗങ്ങൾ നിയമവിരുദ്ധമായി ഫെയസ്ബുക്ക് വഴി വിൽക്കുന്നു. സംരക്ഷിത ഗോത്ര വനമേഖലകൾ ഉൾപ്പടെയുള്ള വനപ്രദേശമാണ് നിയമവിരുദ്ധമായി വിൽക്കുന്നത്. ഫെയസ്ബുക്കിന്റെ ക്ലാസിഫൈഡ് പരസ്യ സേവനമായ മാർക്കറ്റ് പ്ലേസിലൂടെയാണ് വിൽപന. ഏക്കർ കണക്കിന് വനമേഖലയാണ് ഈ രീതിയിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഈ വിഷയത്തിൽ നേരിട്ട് നടപടി സ്വീകരിക്കില്ലെന്നാണ് ഫെയസ്ബുക്കിന്റെ നിലപാട്.അതിനായി പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാൻ തയ്യാറാണെന്ന് കന്പനി അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ സംരക്ഷിത ജനവിഭാഗങ്ങളിലൊന്നിന്റെ നേതാവ് ഇതിൽ നടപടി സ്വീകരിക്കണമെന്ന് ഫെയസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത വനഭൂമി വിൽപന തടയാൻ ഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

ഫെയസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ വളരെ എളുപ്പത്തിൽ ഈ പരസ്യങ്ങൾ കാണാവുന്നതാണ്. ചില പരസ്യങ്ങളിൽ ഉപഗ്രഹ ചിത്രങ്ങളും മറ്റും നൽകിയിട്ടുണ്ട്.ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ബ്രസീലിയന് സർക്കാർ അംഗീകരിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലെന്ന് തുറന്നു പറയുന്ന വിൽപനക്കാർ സർക്കാർ അധികൃതരിൽ നിന്ന് യാതൊരു വിധ ശൽയവും ഉണ്ടാവില്ലെന്നും ഉറപ്പുനൽകുന്നു.

കാട്ടുതീയും വനനശീകരണവും രൂക്ഷമായ ഈ പ്രദേശങ്ങളിൽ വനപ്രദേശം നിയമവിരുദ്ധമായി വെട്ടി കൃഷിക്കനുയോജ്യമാക്കിയും വിൽപന നടത്തുന്നുണ്ട്. പരിസ്ഥിതിയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്ന നിലപാടാണ് ബൊൽസനാരോ ഭരണകൂടത്തിനുള്ളതെന്ന് പരിസ്ഥിതി മന്ത്രി റിക്കാർഡോ സാല്ലെസ് പറഞ്ഞു. വനനശീകരണം, കാട്ടുതീ പോലുള്ളവിഷയങ്ങളിൽ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. പക്ഷെ, കോവിഡ് വ്യാപനം ആമസോൺ മേഖലയിലെ നിയമനിർവഹണ നടപടികളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കുമുണ്ടെന്നും സാല്ലേസ് പറയുന്നു.

അതേസമയം, ആമസോൺ വനമേഖലയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. വനം നശിപ്പിക്കപ്പെടുകയും കൂടുതൽ കൂടുതൽ ചുരുങ്ങുകയും ചെയ്യുന്നത് കാണേണ്ടിവരുന്നത് ശരിക്കും വേദനാജനകമാണ്, കഴിഞ്ഞ 30 വർഷക്കാലമായി വനനശീകരണത്തിനെതിരെ പോരാടുന്ന പരിസ്ഥിതി പ്രവർത്തക ഇവാനെയ്ഡ ബന്ദെയറ പറഞ്ഞു.       

You might also like

Most Viewed