ഇലോൺ മസ്‌കിന്റെ ശമ്പള പാക്കേജ് വർധിപ്പിക്കാനുള്ള അഭ്യർഥന യു.എസ് കോടതി തള്ളി
ന്യൂയോർക്: ടെസ്‌ല സി.ഇ.ഒയും ലോക കോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ ശമ്പള പാക്കേജ് വർധിപ്പിക്കാനുള്ള അഭ്യർഥന യു.എസ് കോടതി തള്ളി. 56 ബില്യൻ ഡോളര്‍ ശമ്പളപാക്കേജ് നിരസിച്ചുകൊണ്ടുള്ള ജനുവരിയിലെ വിധി യു.എസ് കോടതി ശരിവെക്കുകയായിരുന്നു. ഷെയർഹോൾഡർ വോട്ടിലൂടെ മസ്‌കിന്റെ ശമ്പളം പാക്കേജ് വർധിപ്പിക്കാനുള്ള ടെസ്‌ലയുടെ ശ്രമം നിയമപരമായി സാധുതയുള്ളതല്ലെന്ന് ഡെലവേഴ്സ് കോര്‍ട്ട് ഓഫ് ചാന്‍സറിയിലെ ചാന്‍സലര്‍ കാതലീന്‍ മകോര്‍മിക് ചൂണ്ടിക്കാട്ടി.
ഓഹരി ഉടമകളിലൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2018 മുതല്‍ മസ്‌കിന് നല്‍കി വന്നിരുന്ന ഭീമമായ ശമ്പളപാക്കേജ് റദ്ദാക്കാന്‍ കോടതി വിധിച്ചത്. മസ്‌കിന്റെ കീഴില്‍ കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം വർധിപ്പിക്കുന്നത് മനസ്സിലാകുമെന്നും എന്നാല്‍ ഇത്രയും വലിയ തുക ദോഷമായി മാറുമെന്നും കോടതി അറിയിച്ചു.
അറ്റോർണി ഫീസായി 345 മില്യൻ ഡോളറും കോടതി വിധിച്ചു.ശമ്പള പാക്കേജുമായി ബന്ധപ്പെട്ട് ടെസ്‌ലയുടെ 2018 ലെ ബോർഡ് ചർച്ചകളെ മസ്‌ക് തെറ്റായി സ്വാധീനിച്ചതായും കോടതി വിധിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് എക്സിലൂടെ ടെസ്‍ല അറിയിച്ചു. തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച ഇലോൺ മസ്ക് ‘ഷെയർഹോൾഡർമാരാണ് കമ്പനി വോട്ടുകൾ നിയന്ത്രിക്കേണ്ടത്, ജഡ്ജിമാരല്ല’ എന്ന് ട്വിറ്ററിൽ കുറിച്ചു. തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു. വിധിയെത്തുടർന്ന് മണിക്കൂറുകൾക്ക് ശേഷമുള്ള ട്രേഡിങ്ങിൽ, ടെസ്‌ലയുടെ സ്റ്റോക്ക് ഇടിഞ്ഞു.
rtdyt