പ്രവർത്തനങ്ങളെല്ലാം നിയമാനുസൃതം'; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് അദാനി ഗ്രൂപ്പ്
യു.എസ് നീതിന്യായ വകുപ്പും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷനും അദാനി ഗ്രീൻ എനർജി ഡയറക്ടർമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ്പ്. ആരോപണങ്ങൾ നിഷേധിക്കുന്നതായി അദാനി ഗ്രൂപ്പ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. കുറ്റപത്രത്തിലെ കുറ്റാരോപണങ്ങൾ ആരോപണങ്ങൾ മാത്രമാണെന്നും, കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികൾ നിരപരാധികളായി കണക്കാക്കപ്പെടുന്നുവെന്നും നീതിന്യായ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും. അദാനി ഗ്രൂപ്പ് അതിന്‍റെ പ്രവർത്തനങ്ങളിൽ ഉന്നതമായ മൂല്യവും സുതാര്യതയും എപ്പോഴും ഉയർത്തിപ്പിടിക്കാറുണ്ട്.
എല്ലാ നിയമങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേതെന്ന് പങ്കാളികൾക്കും ജീവനക്കാർക്കും ഉറപ്പുനൽകുന്നു -അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. സൗരോർജ പദ്ധതിക്ക് കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാറിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തുവെന്ന് ആരോപിച്ചാണ് യു.എസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തത്. അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി.
വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം. ഈ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നും കേസുണ്ട്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്. കൈക്കൂലിക്ക് ഇടനിലനിന്നവർ ഗൗതം അദാനിയെ 'ദ് ബിഗ് മാൻ', 'ന്യൂമെറോ യൂനോ' എന്നിങ്ങനെ കോഡ് നാമങ്ങളിലാണ് ഇടപാടുകളിൽ വിശേഷിപ്പിച്ചിരുന്നതെന്നും യു.എസ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.
fgdfg