ഹിൻഡൻബർഗ് വെളിപ്പെടുത്തൽ പാർലമെന്‍റ് സംയുക്ത സമിതി അന്വേഷിക്കണം ; കോൺഗ്രസ്


സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തൽ പാർലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്. അദാനിയുടെ ഓഹരിത്തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിൽ 'സെബി' കാണിക്കുന്ന വിമുഖത സുപ്രീംകോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ഗൗദം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടാളികൾക്കും പങ്കുള്ള ബെർമുഡയും മൗറീഷ്യസും ആസ്ഥാനമായുള്ള ഓഫ്‌ഷോർ ഫണ്ടുകളിൽ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചും അവരുടെ ഭർത്താവും നിക്ഷേപം നടത്തിയതായി ഹിൻഡൻബർഗ് ഗവേഷണ വെളിപ്പെടുത്തലുകൾ കാണിക്കുന്നു. മാധബി പുരി ബുച്ച് സെബി ചെയർപേഴ്സണായതിന് പിന്നാലെ അദാനി രണ്ട് തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയതും ഈ അവസരത്തിൽ പുതിയ ചോദ്യങ്ങളുയർത്തുന്നു.

അദാനി അഴിമതിയിൽ സെബി നടത്തുന്ന അന്വേഷണത്തിലെ എല്ലാ വൈരുദ്ധ്യങ്ങളും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. രാജ്യത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതിയാരോപണത്തിന്‍റെ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ പാർലമെന്‍റിന്‍റെ സംയുക്ത സമിതി രൂപീകരിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ഇന്നലെ ഹിൻഡൻബർഗ് റിസർച് നടത്തിയ വെളിപ്പെടുത്തൽ. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം.

അതേസമയം യു.എസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ്. സെബി ചെയർപേഴ്സൺ ഉൾപ്പടെ ആരുമായും ഗ്രൂപ്പിന് ബന്ധമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ വിദേശത്തുള്ള ആസ്തികൾ സുതാര്യമാണെന്നും അദാനി ഗ്രൂപ്പിന്റെ വിശദീകരണത്തിലുണ്ട്. ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ജീവിതവും തുറന്ന പുസ്തകമാണെന്നും അറിയിച്ച് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനിയുടേയും വിശദീകരണം.

article-image

GRGFGFEQWDERWEQ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed