ചരിത്രം; റിലയൻസ് ഇൻ്റസ്ട്രീസിൻ്റെ വിപണി മൂലധനം 21 ലക്ഷം കോടി


റിലയൻസ് ഇൻ്റസ്ട്രീസിൻ്റെ വിപണി മൂലധനം 21 ലക്ഷം കോടി തൊട്ടു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ ഒരു കമ്പനി വിപണി മൂലധനത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്നത്. വെള്ളിയാഴ്ച ഓഹരി വിപണിയിൽ റിലയൻസ് ഓഹരികൾ 3129 രൂപ തൊട്ടതോടെയായിരുന്നു ഇത്. ഈ വർഷം മാത്രം 20 ശതമാനത്തോളമാണ് റിലയൻസിൻ്റെ ഓഹരികളിൽ വില വർധിച്ചത്.

ഇന്നലെ റിലയൻസ് ജിയോ പ്രീപെയ്‌ഡ് പോസ്റ്റ്പെയ്‌ഡ് നിരക്കുകൾ വർധിപ്പിച്ചെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഓഹരി വില കുതിച്ചത്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5 മുതൽ 25 ശതമാനം വരെ വർധനയാണ് വിവിധ പ്ലാനുകളിൽ വരുത്തിയിരിക്കുന്നത്.

പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളും റിലയൻസ് ഓഹരികൾ വാങ്ങുന്നതാണ് നല്ലതെന്ന് വിലയിരുത്തി. ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് ജിയോ വരുമാനം 18 ശതമാനവും ലാഭം 26 ശതമാനവും ഉയരുമെന്ന് പ്രവചിച്ചു. റിലയൻസ് ഓഹരി മൂല്യം 3380 നും 3580 നും ഇടയിലേക്ക് ഉയരുമെന്നും ഇവർ പ്രവചിച്ചു.

മോർഗൻ സ്റ്റാൻലി, കൊടാക് സെക്യൂരിറ്റീസ് എന്നിവരും റിലയൻസ് ഇൻ്റസ്ട്രീസിൻ്റെ ഓഹരി മൂല്യം ഉയരുമെന്ന റിപ്പോർട്ടാണ് പുറത്തുവിട്ടത്. ഉപഭോക്താവിൽ നിന്ന് ജിയോക്ക് കിട്ടുന്ന ശരാശരി വരുമാനം 10 മുതൽ 12 ശതമാനം വരെ ഉയർന്ന് 300രൂപയിലേക്ക് എത്തുമെന്ന് സെൻട്രം ബ്രോക്കിങും പ്രവചിച്ചു. റിലയൻസിൻ്റെ പ്രകടനം വിലയിരുത്തുന്ന 35 സ്ഥാപനങ്ങളിൽ 28 എണ്ണവും ഓഹരികൾ വാങ്ങാനാണ് പറയുന്നത്. അഞ്ച് സ്ഥാപനങ്ങൾ ഓഹരികൾ കൈയ്യിൽ വെക്കാനും രണ്ട് സ്ഥാപനങ്ങൾ ഓഹരികൾ വിൽക്കാനും നിർദ്ദേശിച്ചു.

ജിയോയിൽ പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അൺലിമിറ്റഡ് ആയിരിക്കും. ജിയോയിൽ പ്രതിമാസം 2ജിബി ഡേറ്റ ലഭിക്കാനായി ഇനി മുതൽ 189 രൂപ ചെലവാകും. പ്രതിദിനം മൂന്ന് ജിബിക്ക് 449 രൂപയും, 2 ജിബിക്ക് 349, 2.5 ജിബിക്ക് 399, 1.5ജിബിക്ക് 299 രൂപയും, ജിബിക്ക് 249 രൂപ എന്നിങ്ങനെയാണ് ജിയോയുടെ പുതുക്കിയ നിരക്കുകൾ.

article-image

dfgdfsdfsdfs

You might also like

Most Viewed