തട്ടായി ഹിന്ദു മർച്ചൻറ്സ് കമ്യൂണിറ്റി അവാർഡുകൾ വിതരണം ചെയ്തു
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ മികച്ച സംരംഭകരെ ആദരിക്കുന്നതിനായി തട്ടായി ഹിന്ദു മർച്ചൻറ്സ് കമ്യൂണിറ്റി പ്രഖ്യാപിച്ച അവാർഡുകൾ വിതരണം ചെയ്തു. മൂന്നോ അതിലധികമോ വർഷമായി ബഹ്റൈനിൽ പ്രവർത്തിക്കുന്നതും മികച്ച വളർച്ച കൈവരിക്കുന്നതുമായ സ്ഥാപനങ്ങളെയാണ് അവാർഡിനായി പരിഗണിച്ചത്. സോഫിട്ടൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വിശിഷ്‌ടാതിഥിയായിരുന്നു. ചടങ്ങിൽ ഫറൂഖ് അൽ മോയിദ്, ലാ ചന്ദ് ചതുർഭുജ്, എ.ആർ ഗജ്രിയ, വാസദേവ് ഭാട്ടിയ, നവീൻ മെഗ്‌ചിയാനി, ഇന്ദുകുമാർ പി. ഭാട്ടിയ, വിത്ത കരാനി എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ സമ്മാനിച്ചു.
ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിങ്, കായിക മേഖലകളിൽ മികവ് തെളിയിച്ച സ്ത്രീകൾക്കുള്ള അവാർഡ് എഡ്‌ടെക് പ്ലാറ്റ്ഫോം പ്ലേബുക്ക് സഹസ്ഥാപകയും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ ശ്രേയ റാംമോഹൻ സ്വീകരിച്ചപ്പോൾ ആ കെം ഹെൽത്ത് ആൻഡ് വെൽനസിന് ‘സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചു. സഹസ്ഥാപകരായ നസ്റ അലബ്രാവിയും ആരോൺ ഗ്രിംലിയും പുരസ്കാരം ഏറ്റുവാങ്ങി. ലേണിംഗ് പ്ലാറ്റ്‌ഫോമായ ലുമോഫിയുടെ സ്ഥാപകൻ അഹമ്മദ് മുഹമ്മദ് ഫറജിന് മികച്ച സംരംഭകനുള്ള അവാർഡ് സമ്മാനിച്ചു. ബിടുബി ക്ലൗഡ് അധിഷ്‌ഠിത ടെൻഡറിങ് പ്ലാറ്റ്ഫോമായ പ്രൊക്യുറലിനെ പ്രതിനിധീകരിച്ച് ഉസൈർ മുഹമ്മദ് ഉസ്‌മാൻ, “ഇന്നവേഷൻ ആൻഡ് ടെക് ബിസിനസ് ഓഫ് ദ ഇയർ’ അവാർഡ് ഏറ്റുവാങ്ങി. ടി.എച്ച്.എം.സി പ്രസിഡൻ്റ് മുകേഷ് കവലാനി ചടങ്ങിൽ സന്നിഹിതനായിരുന്നു.
sdgsg