വർഗീയ ഫാസിസവും രാഷ്ട്രീയ ഫാസിസവും നാടിനാപത്താണന്ന് കെ.പി. ശ്രീകുമാർ

വർഗീയ ഫാസിസവും രാഷ്ട്രീയ ഫാസിസവും നാടിനാപത്താണന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ. ഒ.ഐ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച ഗ്രാന്‍റ് ഇഫ്ത്വാറിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേന്ദ്രം ഭരിക്കുന്ന മോദി ഗവൺമെന്‍റും കേരളം ഭരിക്കുന്ന പിണറായി സർക്കാറും രണ്ട് തരത്തിലുള്ള ഏകാധിപത്യ ഫാഷിസ്റ്റ് രീതിയിലാണ് ഭരണം നടത്തുന്നതെന്നും, ഇതിനോടുള്ള ജനാധിപത്യ വിശ്വാസികളുടെ പ്രതികരണമായിരിക്കും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പാശ്ചാത്തലത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കേരളത്തിലെ എല്ലാ പാർലിമെന്റ് മണ്ഢലങ്ങളിലും ഇലക്ഷൻ ഓഫിസുകൾ ആരംഭിക്കുമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രവാസികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകീകരിക്കുവാനുള്ള ചുമതല ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ പ്രാമുഖ്യമുള്ള തെരഞ്ഞെടുപ്പാണ് വന്നിരിക്കുന്നതെന്നും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന ഒരു മുന്നണി ഇന്ത്യയുടെ ഭരണം നേടുകയെന്നത് ഇന്ത്യയുടെ ആവശ്യമാണെന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കി പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, നാഷനൽ പ്രസിഡന്‍റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്‍റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം തുടങ്ങിയവർ വാർത്തസമ്മേനത്തിൽ പങ്കെടുത്തു.