അമ്പത്തിരണ്ടാം ദേശീയദിനം; 168 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്
അമ്പത്തിരണ്ടാം ദേശീയദിനത്തിന്റെ ആഘോഷത്തിലാണ് ബഹ്റൈൻ. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകർന്ന് വികസനത്തിന്റെ പുതിയ കാഴ്ച്ചപാടുകൾ മുമ്പോട്ട് വെച്ച് കുതിക്കുന്ന ബഹ്റൈൻ വിസ്തീർണം കൊണ്ട് ചെറുതാണെങ്കിലും ലോക രാജ്യങ്ങളുടെ മുന്നിൽ എന്നും തലയുയർത്തിനിൽക്കുന്നു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ അഭിമാനാർഹങ്ങളായ നേട്ടങ്ങളാണ് രാജ്യം കൈവരിച്ച് കൊണ്ടിരിക്കുന്നത്. കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പടെ നിരവധി പരിപാടികളാണ് ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം അരങ്ങേറി കൊണ്ടിരിക്കുന്നത്.
രാജ്യമെങ്ങും ബഹ്റൈൻ ദേശീയപതാകയുടെ നിറങ്ങളാൽ അലങ്കാരമൊരുക്കിയാണ് ജനങ്ങൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന 168 തടവുകാർക്ക് ഹമദ് രാജാവ് മാപ്പ് നൽകി. മാപ്പ് ലഭിച്ച തടവുകാർക്ക് സമൂഹത്തിലെ അംഗങ്ങളായി വീണ്ടും പ്രവർത്തിക്കാനും രാജ്യത്തിന്റെ വികസനം, പുരോഗതി, അഭിവൃദ്ധി എന്നിവയിൽ പങ്കാളികളാകാനുമുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. നിരവധി പ്രവാസി സംഘടനകളും ദേശീയദിനാഘോഷപരിപാടികളുടെ തിരക്കിലാണ്.
asda