ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; വോട്ടെണ്ണൽ രാത്രി 8ന്
ആഴ്ചകൾ നീണ്ട ആവേശകരമായ പ്രചാരണപരിപാടികൾക്ക് വിരാമമിട്ടുകൊണ്ട് 2023−2026 കാലയളവിലേക്കുള്ള ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇസ ടൗൺ കാമ്പസിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് വോട്ടെടുപ്പ്. രാത്രി എട്ടിന് വോട്ടെണ്ണൽ ആരംഭിക്കുമെന്ന് റിട്ടേണിങ് ഓഫിസർമാരായ അഡ്വ.വി.കെ. തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവർ വ്യക്തമാക്കി. കോവിഡ് സാഹചര്യംമൂലം നിലവിലെ ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷം നീട്ടിയിരുന്നതിനാൽ ആറ് വർഷങ്ങൾക്കുശേഷമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ മുമ്പെങ്ങുമില്ലാത്ത വീറും വാശിയും ഇത്തവണ പ്രകടമായിരുന്നു.
വാഗ്ദാനങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി സജീവമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇത്തവണ കണ്ടത്. മൂന്നു പാനലുകളും പ്രാദേശികതലങ്ങളിൽ കൺവെൻഷനുകളും യോഗങ്ങളും പൂർത്തിയാക്കുകയും ചെയ്തു. ഏഴ് സ്ഥാനങ്ങളിലേക്ക് 22 പേരാണ് മത്സരരംഗത്തുള്ളത്. പ്രോഗ്രസീവ് പാരന്റ്സ് അലയൻസ് (പി.പി.എ), യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി), ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഐ.എസ്.പി.എഫ്) എന്നീ പാനലുകളാണുള്ളത്. പി.പി.എ പാനലിനെ അഡ്വ. ബിനു മണ്ണിൽ നയിക്കുന്നു. ഡോ. മുഹമ്മദ് ഫൈസൽ, വി. രാജ പാണ്ഡ്യൻ, രഞ്ജിനി എം. മേനോൻ, മിർസ അമീർ ബൈഗ്, ബോണി ജോസഫ്, മിഥുൻ മോഹൻ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. ബിജുജോര്‍ജ് നയിക്കുന്ന യു.പി.പി പാനലിൽ ഹരീഷ് നായര്‍, ഡോ. സുരേഷ് സുബ്രഹ്മണ്യന്‍, ശ്രീദേവി, ട്രീസ ആന്റണി, അബ്ദുല്‍ മന്‍ഷീര്‍, ജാവേദ്.ടി.സി.എ എന്നിവർ മത്സരിക്കുന്നു. ഐ.എസ്.പി.എഫ് പാനലിനെ വാണി ചന്ദ്രൻ നയിക്കുന്നു. ജെയ്‌ഫെർ മൈദാനീന്റവിട, ഷെറിൻ ഷൗക്കത്തലി, ഡോ. വിശാൽ ഷാ, ഇവാനിയോസ് ജോസഫ്, പൂർണിമ ജഗദീശ, ഡേവിഡ് പേരമം എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.
zdfdzf