യുക്രേനിയൻ ജനത്തിനുവേണ്ടി അവിടത്തെ സഭ ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ച് സിനഡ് സമ്മേളനം
യുദ്ധത്തിന്‍റെ കെടുതികൾ അനുഭവിക്കുന്ന യുക്രേനിയൻ ജനത്തിനുവേണ്ടി അവിടത്തെ സഭ ചെയ്യുന്ന സേവനങ്ങളെ നിറഞ്ഞ കൈയടികളോടെ മെത്രാന്മാരുടെ ആഗോള സിനഡ് അഭിനന്ദിച്ചു. മനുഷ്യന്‍റെ സ്വാർഥതയുടെ പ്രതിഫലനമാണ് യുദ്ധമെന്നും അതിന്‍റെ കെടുതികൾ അനുഭവിക്കേണ്ടി വരുന്ന നിഷ്കളങ്കരിൽ സഭ കണ്ടുമുട്ടുന്നത് വേദനിക്കുന്ന ക്രിസ്തുവിനെയാണെന്നും സിനഡ് പരാമർശിച്ചു. ക്രൈസ്തവ ജീവിതത്തിന്‍റെ നന്മകൾ എല്ലാവർക്കും, പ്രത്യേകിച്ചു യുവജനങ്ങൾക്കും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കും ലഭ്യമാക്കാൻ ഉതകുന്ന നിർദേശങ്ങൾ മൂന്നാം ദിവസത്തെ സിനഡ് ചർച്ച ചെയ്തു. ആദിമസഭ യഥാർഥത്തിൽ സിനഡാലിറ്റി അഭ്യസിച്ചത് ഞായറാഴ്ച ആചരണത്തിലായിരുന്നു. വിശുദ്ധ കുർബാനഅർപ്പണം ആദിമ കാലഘട്ടം മുതൽ ക്രൈസ്തവ കൂട്ടായ്‍മയുടെ അവതരണം കൂടിയാണ്. ഈ കൂട്ടായ്മ വളർത്തേണ്ടതിനാണ് പൗരോഹിത്യ ശുശ്രുഷ നിലനിൽക്കുന്നത്. സഭയിൽ പൗരോഹിത്യം ഒരു പദവിയല്ല, ശുശ്രുഷയ്ക്കുള്ള വിളിയാണെന്നും സിനഡിലെ ചർച്ചകൾ ഓർമിപ്പിക്കുന്നുവെന്ന് വത്തിക്കാൻ മാധ്യമവിഭാഗം തലവൻ പൗളോ റുഫിൻ അറിയിച്ചു. വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യവുമാകുന്ന രണ്ടു ശ്വാസകോശങ്ങൾ വഴിയാണ് സഭ തന്‍റെ ജീവശ്വാസം കണ്ടെത്തുന്നതെന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ ഇന്നലത്തെ ചർച്ചകളിൽ സജീവമായി ഉയർന്നുവന്നു. കാലത്തിന്‍റെ അടയാളങ്ങളെ സത്യസന്ധമായ ഹൃദയത്തോടെ പിന്തുടരുവാൻ നമുക്കു മുന്പേ പോയവരുടെ കാലടികൾ നിരന്തര മാറ്റങ്ങളുടെ ഇക്കാലത്തും തുണയാകുമെന്ന പ്രത്യാശ സിനഡ് അംഗങ്ങൾ പ്രകടിപ്പിച്ചു.
തെറ്റുകൾ പറ്റിയാലും തിരികെയെത്താവുന്ന ഭവനമാണ് സഭ. അതിനാൽ നമ്മെ എതിർക്കുന്നവരെ അഭിമുഖീകരിക്കേണ്ടത് വിജയ−പരാജയ ചിന്തകളോടെയാകരുത്. കാരണം, സഭ നമ്മുടെയല്ല ക്രിസ്തുവിന്‍റേതാണ്. സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്.− ഇന്നലത്തെ ചർച്ചകൾ സംഗ്രഹിച്ചുകൊണ്ട് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ചർച്ചകളുടെ മുഴുവൻ സമയവും മാർപാപ്പ സന്നിഹിതനായിരുന്നു. വനിതാ പ്രതിനിധികൾ ചേർന്നു നടത്തിയ പ്രാർഥനയോടെയാണ് മൂന്നാം ദിവസത്തെ സിനഡ് സമ്മേളനം ആരംഭിച്ചത്. ബിഷപ്പുമാരും മറ്റുള്ളവരും എന്ന നിലയിലല്ല സഹോദരീ−സഹോദരന്മാർ എന്ന നിലയിലാണ് സിനഡിലെ ചർച്ചകൾ പുരോഗമിക്കുന്നതെന്നും പൗളോ റുഫിൻ പറഞ്ഞു.
ിംെ്ി്ംി