മുൻ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബഹ്റൈനിലെത്തുന്നു

മനാമ
മുൻ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബഹ്റൈനിലെത്തുന്നു. ബഹ്റൈനിലെ ശ്രീനാരയണീയ പ്രസ്ഥാനങ്ങളായ ശ്രീ നാരയണ കൾച്ചറൽ സൊസെറ്റി, ഗുരുദേവ സോഷ്യൽ സൊസെറ്റി, ബഹ്റൈൻ ബില്ലവാസ് ഗുരു സേവ സമിതി എന്നിവരുടെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുവിന്റെ 169ആം ജയന്തിയോടനുബന്ധിച്ച് നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം വരുന്നത്. സെപ്തംബർ ആറിന് ബഹ്റൈനിലെത്തുന്ന മുൻ രാഷ്ട്രപതി 7,8,9 എന്നീ ദിവസങ്ങളിൽ ഇവിടെ നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കുമെന്ന് മനാമ ക്രൗൺ പ്ലാസ ഹോട്ടലിൽ ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സംഘാടകർ വ്യക്തമാക്കി. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ശിവഗിരി മഠം പ്രസിഡണ്ട് സ്വാമി സച്ചിതാനന്ദ, സെക്രട്ടറി സ്വാമി സുബഗാനന്ദ തുടങ്ങിയ പ്രമുഖരും പരിപാടികളിൽ പങ്ക് ചേരും.
സെപ്തംബർ 7ന് വൈകുന്നേരം മനാമയിലെ ക്രൗൺ പ്ലാസയിൽ വെച്ച് ക്ഷണിക്കപ്പെട്ട 450ഓളം അതിഥികൾക്കായി നടക്കുന്ന എക്സിക്യൂട്ടീവ് ഡിന്നർ പരിപാടിയിൽ പങ്കെടുക്കുന്ന രാം നാഥ് കോവിന്ദ്, സെപ്തംബർ 8ന് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന ട്രിബ്യൂട്ട് ടു ബഹ്റൈൻ എന്ന പൊതു പരിപാടിയിലും സംബന്ധിക്കും. വൈകീട്ട് 6.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ 4000രത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. സിനിമാതാരം നവ്യ നായരടക്കം ഉള്ളവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും. സെപ്തംബർ 9ന് ബഹ്റൈനിലെ വിവിധ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ പാർലിമെന്റിലും മുൻ രാഷ്ട്രപതി പങ്കെടുക്കും. സംസ്കാരങ്ങളുടെ സമന്വയവും, മാനവിക ഐക്യവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും ഇവിടെ നടക്കും.
വാർത്തസമ്മേളനത്തിൽ എസ്എൻസിഎസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി ആർ സജീവൻ, ജിഎസ്എസ് ചെയർമാൻ സനീഷ് കൂറുമുള്ളി, ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ, ബഹ്റൈൻ ബില്ലാവസ് പ്രസിഡണ്ട് ഹരീഷ് പൂജാരി, കൺവീനർ സമ്പത്ത് സുവർണ, പ്രോഗ്രാം അഡ്വൈസർ സോമൻ ബേബി, ജനറൽ കൺവീനർ സുരേഷ് കരുണാകരൻ, വിസിറ്റ് അഡ്വൈസർ സോവിച്ചൻ ചേന്നാട്ടുശേരി എന്നിവർ പങ്കെടുത്തു.
dsgd