ഇന്ത്യൻ സ്‌കൂൾ പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ സ്ഥാനാരോഹണം നടന്നു


2023−2024 അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ സ്ഥാനാരോഹണം ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ അടങ്ങുന്ന എ ലെവൽ പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ ഹെഡ് ബോയ് ആയി ധനേഷ് സുബ്രഹ്മണ്യനും ഹെഡ് ഗേളായി സഹസ്ര കോട്ടഗിരിയും ചുമതലയേറ്റു. പത്ത്, ഒമ്പത് ക്ലാസുകൾ ഉൾപ്പെടുന്ന ബി ലെവലിൽ  ഹെഡ് ബോയ് ആയി സിദ്ധാർഥ് സജീവനും ഹെഡ് ഗേളായി രുദ്ര രൂപേഷ് അയ്യരും തിരഞ്ഞെടുക്കപ്പെട്ടു. ആറു മുതൽ എട്ടു വരെ ക്ലാസുകൾ ഉൾപ്പെടുന്ന ലെവൽ സി  ഹെഡ് ബോയ് ആയി കൽവി ഫാബിയൻ റൊസാരിയോയും ഹെഡ് ഗേളായി ശ്രീലക്ഷ്മി എയും  സ്ഥാനമേറ്റു.   അലിൻ ബാബു പാത്തിക്കൽ (ഹെഡ് ബോയ്), ലക്ഷ്യ രാമകൃഷ്ണൻ (ഹെഡ് ഗേൾ) എന്നിവരാണ് നാലും അഞ്ചും ക്ലാസുകൾ ഉൾപ്പെടുന്ന ലെവൽ ഡി സാരഥികൾ. പ്രിഫെക്ടോറിയൽ കൗൺസിലിൽ നാലു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ അവരുടെ സംഘടനാപരമായ കഴിവുകളും നേതൃപരമായ കഴിവുകളും പരിഗണിച്ചാണ് തിരഞ്ഞെടുത്തത്. സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ആനന്ദ് നായരും മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ വിനോദ് എസ്.എയും പ്രിഫെക്ടുമാരുടെ പേരുകൾ പ്രഖ്യാപിച്ചു. 

ചെയർമാൻ പ്രിൻസ് എസ്. നടരാജൻ സ്‌കൂൾ പതാക ഹെഡ് ബോയിക്ക് കൈമാറി. കൂട്ടായ്മയുടെ മനോഭാവത്തോടെ കൗൺസിൽ അംഗങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. സ്‌കൂൾ പ്രവർത്തനങ്ങളും പദ്ധതികളും സംഘടിപ്പിച്ചും നടപ്പാക്കിയും നേതൃഗുണം വളർത്തിയെടുക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുകയാണ് കൗൺസിലിന്റെ ലക്ഷ്യമെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ പഠനകാലത്ത് നേതൃപാടവം വളർത്തിയെടുക്കാൻ കഴിയട്ടെയെന്ന് പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ആശംസിച്ചു. സ്‌കൂളിന്റെയും വിദ്യാർഥികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് ഹെഡ് ബോയിയും ഹെഡ് ഗേളും പറഞ്ഞു. നേരത്തേ ദേശീയഗാനം, ഖുർആൻ പാരായണം, നിലവിളക്ക് തെളിക്കൽ, സ്കൂൾ പ്രാർഥന എന്നിവയോടെ പരിപാടികൾ ആരംഭിച്ചു.

article-image

e5yrt5f

You might also like

Most Viewed