ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേള ‘ലോഗോസ് ഹോപ്’ കപ്പൽ നാളെ ബഹ്റൈനിൽ
ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ലോഗോസ് ഹോപ്’ കപ്പൽ നാളെ ബഹ്റൈൻ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നങ്കൂരമിടും. ഇംഗ്ലീഷ്, അറബി ഭാഷകളിൽ ലോകോത്തര എഴുത്തുകാരുടെ നോവലുകൾ, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പൽ പുസ്തകശാലയിൽ ഒരുക്കിയിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് പുസ്തകങ്ങളുടെ മഹാസമുദ്ര പ്രദർശനത്തിന് ബഹ്റൈൻ വേദിയാകുന്നത്. ജിബൂതി, സൗദി അറേബ്യ, ജോർഡൻ, ഈജിപ്ത്, ലബനാൻ, ഇറാഖ്, റാസൽഖൈമ, ദുബൈ, അബൂദബി എന്നിവിടങ്ങളിൽ പുസ്തക പ്രദർശനം നടത്തിയതിനുശേഷമാണ് കപ്പൽ ബഹ്റൈനിലെത്തുന്നത്. തുടർന്ന് ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളും സന്ദർശിക്കും. ലോഗോസ് ഹോപ് അവസാനമായി ബഹ്‌റൈൻ സന്ദർശിച്ചത് 2013 ഒക്‌ടോബർ 22 മുതൽ നവംബർ നാലു വരെയായിരുന്നു. 65ലേറെ രാജ്യങ്ങളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരാണ് പുസ്തകമേളയുടെ ഭാഗമായി കപ്പലിലുള്ളത്. റുമേനിയക്കാരനായ ലോനറ്റ് വ്ലോദ് ആണ് കപ്പലിന്റെ ക്യാപ്റ്റൻ.
ജൂൺ ആറു മുതൽ ജൂൺ 20 വരെ പുസ്തകപ്രദർശനം നടത്താനാണ് പദ്ധതിയെന്നാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്ന ചാരിറ്റബ്ൾ ഓർഗനൈസേഷൻ ‘ഗുഡ് ബുക്സ് ഫോർ ഓൾ’ അറിയിച്ചിരിക്കുന്നത്. സാധാരണ വൈകുന്നേരം മുതൽ അർധരാത്രി വരെയാണ് പ്രദർശനം. കുട്ടികൾക്കായുള്ള വിനോദപരിപാടികളും സാംസ്കാരിക പരിപാടികളും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. 2005ൽ കപ്പൽ കമീഷൻ ചെയ്തതു മുതൽ, 1,32,619 നോട്ടിക്കൽ മൈൽ യാത്ര ചെയ്യുകയും 77 രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. 132.5 മീറ്റർ നീളമുള്ളതാണ് കപ്പൽ. 9.34 ദശലക്ഷം സന്ദർശകർ ഇതുവരെ ലോഗോസ് ഹോപ് സന്ദർശിച്ചതായാണ് കണക്ക്. 10 ദശലക്ഷത്തിലധികം പുസ്തകങ്ങൾ വിൽക്കുകയും ചെയ്തു. സന്നദ്ധ സംഘടനകളും സ്പോൺസർമാരും നൽകുന്ന തുകയുപയോഗിച്ചാണ് കപ്പൽ ലോകം ചുറ്റുന്നത്.
w356ew46