ഈ വർഷം അവസാനത്തോടെ ബഹ്റൈനിൽ 20 പുതിയ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും
ഈ വർഷം അവസാനത്തോടെ രാജ്യത്തുടനീളം 20 പുതിയ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന് വൈദ്യുതി, ജലകാര്യ മന്ത്രാലയം. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ രാജ്യത്ത് അഞ്ച് ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകളാണുള്ളത്. നിലവിൽ ബഹ്‌റൈനിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 112 ഇലക്ട്രിക് വാഹനങ്ങളാണ്. 2060ഓടെ സീറോ കാർബൺ എമിഷൻ എന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കുന്നതിന് മുന്നോടിയായി പരമ്പരാഗത ഊർജ സ്രോതസ്സുകളിൽനിന്ന് ഘട്ടംഘട്ടമായി പിൻവാങ്ങാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ബഹ്‌റൈനിലെ ആദ്യത്തെ ഇലക്ട്രിക് കാർ ഫാക്ടറി ആരംഭിക്കാൻ ബഹ്‌റൈൻ ബിസിനസ് ആൻഡ് പ്രൊജക്ട് ഡെവലപ്‌മെന്റ് കമ്പനിയായ മാർസൺ ഗ്രൂപ്പ് മുന്നോട്ടുവന്നിരുന്നു. മാർസൺ ഗ്രൂപ്പും പ്രമുഖ അമേരിക്കൻ മാനുഫാക്ചറിങ് കോർപറേഷനായ ‘ഗാസ് ഓട്ടോ’യും ഇതുസംബന്ധിച്ച പങ്കാളിത്തക്കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെക്കുകയും ചെയ്തു.
10 മാസത്തിനുള്ളിൽ അമേരിക്കൻ ട്രേഡ് സോണിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ‘ഗാസ് ഓട്ടോ ബഹ്‌റൈൻ’ എന്ന പേരിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇരുചക്ര വാഹനങ്ങൾ, ത്രീ വീൽ ഇലക്ട്രിക് ട്രൈസൈക്കിളുകൾ, പാസഞ്ചർ വാഹനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഇലക്ട്രിക് വാഹനങ്ങൾ ഫാക്ടറി നിർമിക്കും. ബഹ്‌റൈൻ, യു.എസ്, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിപണനം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ലക്‌ട്രിക് കാറുകൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് സാധാരണ വൈദ്യുതിക്കായി നിശ്ചയിച്ചിരിക്കുന്ന അതേ നിരക്കാണ്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ചെലവ് പെട്രോളിയം ഇന്ധനം ഉപയോഗിക്കുന്നതിനേക്കാൾ കുറവായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
awawr