വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം വിപുലപ്പെടുത്താൻ താൽപര്യമുള്ളതായി വ്യവസായ മന്ത്രി
വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം വിപുലപ്പെടുത്താൻ താൽപര്യമുള്ളതായി വ്യാപാര, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വ്യക്തമാക്കി. ബഹ്റൈൻ സന്ദർശിക്കുന്ന ഇന്ത്യൻ വിദേശകാര്യ അണ്ടർ സെക്രട്ടറി ഔസാഫ് സഈദിന്റെ നേതൃത്വത്തിലുള്ള സംഘവുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ആറാമത് ചർച്ചക്കായാണ് സംഘം ബഹ്റൈനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന വ്യാപാര ബന്ധങ്ങളെ കുറിച്ചും അവ വിപുലപ്പെടുത്തുന്നതിന്റെ സാധ്യതകളും ചർച്ചയായി. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള ബഹ്റൈൻ സർക്കാറിെന്റ പദ്ധതികളിൽ ഇന്ത്യൻ സംഘം മതിപ്പ് രേഖപ്പെടുത്തി.
ബഹ്റൈനും പുറത്തുമുള്ള നിക്ഷേപകരെ ആകർഷിക്കുകയും അതുവഴി സാമ്പത്തിക മേഖലക്ക് കരുത്തുപകരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാര, സാമ്പത്തിക മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട ബന്ധമുണ്ടാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി ഔസാഫ് സഈദ് ചൂണ്ടിക്കാട്ടി. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, കോൺസൽ ആൻഡ് അഡ്മിൻ കാര്യ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി ബെഹ്സാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിൽ നിന്നെത്തിയ സംഘവുമായി ചർച്ച നടത്തിയത്.
setst