252 പൗരന്മാരും താമസക്കാരുമായി സുഡാനിൽനിന്ന് ഗൾഫ് എയർ വിമാനം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി
ആഭ്യന്തര കലാപം മൂലം പ്രശ്ന സങ്കീർണമായ സുഡാനിൽനിന്ന് 252 പൗരന്മാരും താമസക്കാരുമായി ഗൾഫ് എയർ വിമാനം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നിർദേശങ്ങൾ അനുസരിച്ചാണ് ഒഴിപ്പിക്കൽ നടപടികളെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി ബഹ്‌സാദ് പറഞ്ഞു. പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നടത്തുന്ന ശ്രമങ്ങളെ ഡോ. മുഹമ്മദ് അലി ബഹ്‌സാദ് പ്രശംസിച്ചു.
വിദേശകാര്യ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ബഹ്‌റൈൻ എയർപോർട്ട് കമ്പനി, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവർ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനായി യോജിച്ച ശ്രമമാണ് നടത്തുന്നത്. ഒഴിപ്പിക്കൽ പ്രക്രിയയുടെ വിജയത്തിൽ സൗദി അറേബ്യയുടെയും യു.എ.ഇയുടെയും പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
6