യാത്രചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ട മുംബൈ സ്വദേശിനിക്കും കുഞ്ഞിനും അവസാനം യാത്രാനുമതി
ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുമായി യാത്രചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ട മുംബൈ സ്വദേശിനിക്കും കുഞ്ഞിനും അവസാനം യാത്രാനുമതി ലഭിച്ചു. ബഹ്റൈന്‍ പ്രവാസി ലീഗൽ സെൽ നടത്തിയ നിരന്തരമായ ശ്രമങ്ങളിലൂടെയാണ് അമ്മക്കും കുഞ്ഞിനും ബഹ്റൈന്‍ ഗവണ്‍മെന്റിൽനിന്ന് യാത്രാനുമതി ലഭിച്ചത്. മുംബൈ സ്വദേശിനി യാസ്മിൻ കിയമുദിൻ അന്‍സാരിയും കുഞ്ഞും സ്വദേശത്തേക്ക് യാത്രതിരിച്ചു. 2020 ജനുവരിയിലാണ് യാസ്മിന്‍ എന്ന ഇന്ത്യൻ യുവതി പാകിസ്താന്‍ പൗരനെ വിവാഹം ചെയ്തത്. എന്നാൽ, ഗവണ്‍മെന്റിൽ രജിസ്റ്റർ ചെയ്തത് യുവതി ഗര്‍ഭിണിയായതിന് ശേഷമായിരുന്നു. ഇത് ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കാൻ കാരണമായി. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യാസ്മിന്‍ വിവാഹ മോചിതയായതോടെ അവരുടെ ജീവിതം കഷ്ടത്തിലായി. കുഞ്ഞിന് ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ നാട്ടിൽ പോകാനും കഴിഞ്ഞില്ല.
അഞ്ചു സഹോദരിമാരും ഒരു സഹോദരനും മാതാപിതാക്കളും അടങ്ങുന്ന നിര്‍ധന കുടുംബത്തിലെ അംഗമായ യാസ്മിന്‍ ആഹാരത്തിനും താമസത്തിനും വകയില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. തുടർന്ന് പ്രവാസി ലീഗൽ സെൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ജനനസർട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയായിരുന്നു. വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ഐ.സി.ആർ എഫ്, എം.എം.ടി.എ.എം, എ ലിറ്റിൽ സംതിംഗ് ടീം, എം.ഡബ്ൽയു.പി.എസ്, അണ്ണൈ തമിഴ് മൺട്രം, തെലുങ്ക് കലാ സമിതി, അഡ്വ താരിഖ് അലോവിൻ ലീഗൽ സ്ഥാപനം, ദേവ് ജി ഗ്രൂപ് എന്നിവരും സഹായം നൽകി. ദേവ് ജി ഗ്രൂപ് ആണ് യാസ്മിനും കുഞ്ഞിനും ടിക്കറ്റ് നൽകിയത്. അനുമതി ലഭിക്കാനായി പ്രയത്നിച്ച അഡ്വ. താരിഖ് അൽ ഒവിന്‍, ഇമിഗ്രേഷൻ അതോറിറ്റി, സൽമാനിയ ഹെൽത്ത് അതോറിറ്റി, ഇൻഫർമേഷൻ മന്ത്രാലയം, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, വിവിധ സംഘടന ഭാരവാഹികൾ എന്നിവർക്ക് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീര്‍ തിരുനിലത്ത് നന്ദി അറിയിച്ചു.
േൂു്േൂു