റെസ്റ്റാറന്റിൽ ഇന്ത്യക്കാരായ ജീവനക്കാരെ അനാശാസ്യത്തിന് നിർബന്ധിച്ചു; മൂന്ന് ഇന്ത്യക്കാർ ബഹ്റൈനിൽ പിടിയിൽ
ബഹ്റൈനിലെ ഗുദേബിയയിൽ പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റാറന്റിൽ ജോലി ചെയ്തുവരികയായിരുന്ന ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ മനുഷ്യകടത്തിനും, തൊഴിൽ ദുരപയോഗത്തിനും ഹൈ ക്രിമിനൽ കോടതി കേസെടുത്ത് വാദം തുടങ്ങി. ഇവർ മൂന്ന് പേരും ഇന്ത്യക്കാരാണ്. ഈ റെസ്റ്റാറന്റിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥൻ പരിശോധനയ്ക്കായി ചെന്നപ്പോഴാണ് ഇവിടെ ജോലി ചെയ്തിരുന്ന 24നും 30നുമിടയിൽ പ്രായമുള്ള ഇന്ത്യക്കാരായ നാല് സ്ത്രീ തൊഴിലാളികളുടെ ദുരവസ്ഥ നേരിട്ട് മനസിലാക്കി അന്വേഷണം ആരംഭിച്ചത്.
ഭക്ഷണം വിളമ്പുന്നതിനോടൊപ്പം ഇവിടെയെത്തുന്ന ഉപഭോക്താക്കളെ അനാശാസ്യപ്രവർത്തനങ്ങൾക്കായി പ്രേരിപ്പിക്കാൻ ജീവനക്കാരികളെ ഇന്ത്യക്കാർ തന്നെയായ റെസ്റ്ററാന്റ് മാനേജ്മെന്റ് നിർബന്ധിച്ചിരുന്നു. കൂടാതെ ഇവർക്ക് ശമ്പളം നൽകിയിരുന്നില്ല. ഉപഭോക്താക്കൾ നൽകിയ ടിപ്പുകൾ മാത്രമായിരുന്നു ജീവനക്കാരികളുടെ വരുമാനം. അവധി ദിവസം നൽകാതെയും, മണിക്കൂറുകൾ നീണ്ട ജോലി നൽകിയുമാണ് റെസ്റ്റാറന്റ് മാനേജ്മെന്റ് ഇവരെ പീഡിപ്പിച്ചത്.
നിലവിൽ റെസ്റ്റോറന്റ് ഉടമയും, ഓഫീസ് മാനേജരായ സ്ത്രീയുമാണ് പിടിയിലായിരിക്കുന്നത്. ജീവനക്കാരികൾക്ക് അനുവദിച്ച അപ്പാർട്മെന്റിൽ നിന്ന് ഇവരെ റെസ്റ്റാറന്റിലെത്തിക്കുകയും, അവരെ നിരീക്ഷിക്കുകയും ചെയ്യുന്ന മൂന്നാമത്തെയാൾ ഒളിവിലാണ്. നാട്ടിലെ കഷ്ടപാട് കാരണമാണ് വലിയ തുക നൽകി ബഹ്റൈനിലെത്തിയതെന്നും ഇവിടെയത്തിയപ്പോഴാണ് തങ്ങൾ പെട്ട കുരുക്കിനെ പറ്റി തിരിച്ചറിയുന്നതെന്നും ജീവനക്കാരികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജോലി കഴിഞ്ഞാൽ റെസ്റ്ററോന്റ് മാനേജ്മെന്റ് ഏർപ്പാടാക്കിയ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്ത് പോകാനുള്ള അനുവാദവും ഇവർക്ക് നൽകിയിരുന്നില്ല.
ഈ ഒരു റെസ്റ്റാറന്റ് കൂടാതെ മറ്റ് ഒമ്പത് റെസ്റ്റാറന്റുകൾ കൂടി ഇതേ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതു കൂടാതെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനവും ഇവർക്കുണ്ട്.
35rw3t5w