ചിൽഡ്രൻസ് ഫെസ്റ്റുമായി സ്റ്റുഡന്റ്സ് ഫോറം
സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ മെയ് 26ന് വെള്ളിയാഴ്ച്ച ചിൽഡ്രൻസ് ഫെസ്റ്റ് 23 സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 4 വയസ്സുമുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി നടത്തുന്ന കളറിംഗ്, ഡ്രോയിംഗ്, പെയിന്റിംഗ് മത്സരങ്ങളാണ് അരങ്ങേറുന്നത്. വിവിധ സ്കൂളുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമായി 900-ലധികം വിദ്യാർത്ഥികൾ ഇതിനകം രജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് മത്സരങ്ങൾ നടക്കുക. പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ വൈകുന്നേരം 5.30 മുതൽ നടക്കും.
ഇതിൽ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളുടെയും സമ്മാനങ്ങളുടെയും വിതരണവും വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണവും പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും സിബിഎസ്ഇ ബോർഡ് പരീക്ഷകളിലെ സ്കൂൾ ടോപ്പർമാരെ ആദരിക്കുന്ന ചടങ്ങും നടക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 36608982 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ സുനിൽ എസ് പിള്ള, ജോയിന്റ് കൺവീനർമാരായ ബിജു ജോർജ്ജ്, ഡോ സുരേഷ് സുബ്രമണ്യൻ, ജവാദ് പാഷ, ഹരീഷ് നായർ, ജോൺ ബോസ്കോ, തോമസ് ഫിലിപ്പ്, ജോർജ്ജ് മാത്യു എന്നിവർ പങ്കെടുത്തു.
ോ