ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് ചുവടുവെച്ച് രാജ്യം
പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് രാജ്യം. 2060ഓടെ സീറോ കാർബൺ എമിഷൻ എന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കുന്നതിന് മുന്നോടിയായി പരമ്പരാഗത ഊർജ സ്രോതസ്സുകളിൽനിന്ന് ഘട്ടം ഘട്ടമായി പിൻവാങ്ങാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
വൈദ്യുതി വാഹനം സംബന്ധിച്ച നയം വികസിപ്പിക്കുന്നതിനും അവയുടെ പ്രോത്സാഹനവും ലക്ഷ്യമിട്ട് ഡെലോയിറ്റ് ആൻഡ് ടച്ച് കമ്പനിയുമായി വൈദ്യുതി, ജലകാര്യ മന്ത്രാലയം കരാർ ഒപ്പിട്ടു. ഫോസിൽ ഇന്ധനത്തെ പൂർണമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നത് അന്താരാഷ്ട്ര സമൂഹത്തോട് രാജ്യം കൈകോർക്കുന്നതിന്റെ ഭാഗമായാണ്.
പരിസ്ഥിതി സംഘടനകളുടെ കണക്കനുസരിച്ച്, ഒരു സാധാരണ യാത്ര വാഹനം പ്രതിവർഷം 4.6 മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. ഇത് വായുമലിനീകരണത്തിനും ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും ഇടയാക്കുന്നതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ലോകവ്യാപകമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നയം രാജ്യങ്ങൾ കൈക്കൊണ്ടിട്ടുള്ളത്.
ബഹ്‌റൈനിലെ ആദ്യത്തെ ഇലക്ട്രിക് കാർ ഫാക്ടറി ആരംഭിക്കാൻ ബഹ്‌റൈൻ ബിസിനസ് ആൻഡ് പ്രോജക്ട് ഡെവലപ്‌മെന്റ് കമ്പനിയായ മാർസൺ ഗ്രൂപ് മുന്നോട്ടുവന്നിരുന്നു. മാർസൺ ഗ്രൂപ്പും പ്രമുഖ അമേരിക്കൻ മാനുഫാക്ചറിങ് കോർപറേഷനായ ‘ഗാസ് ഓട്ടോ’യും ഇതുസംബന്ധിച്ച പങ്കാളിത്തക്കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെക്കുകയും ചെയ്തു. 10 മാസത്തിനുള്ളിൽ അമേരിക്കൻ ട്രേഡ് സോണിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ‘ഗൗസ് ഓട്ടോ ബഹ്‌റൈൻ’ എന്ന പേരിൽ പുതിയ പ്ലാൻറ് സ്ഥാപിക്കുകയാണ് ലക്ഷ്യം
fghhjhjhgh