ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദിൽ ഫഖ്രുവിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യ സന്ദർശനം വിജയകരം
ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദിൽ ഫഖ്രുവിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യ സന്ദർശനം വിജയകരമായിരുന്നുവെന്ന് ബഹ്റൈൻ ഇന്ത്യ സൊസെറ്റി പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 14 മുതൽ 18വരെ നടന്ന സന്ദർശന പരിപാടിയിൽ അറുപതിലധികം പേരാണ് പ്രതിനിധികളായി പങ്കെടുത്തത്. സംഘത്തിൽ ബഹ്റൈൻ ഇന്ത്യ സൊസെറ്റിയെ പ്രതിനിധീകരിച്ച് ചെയർമാൻ അബ്ദുറഹ്മാൻ ജുമ, പി എസ് ബാലസുബ്രമണ്യം, വിജയ് ബലൂർ, കിഷോർ കേവൽറാം, വി കെ തോമസ്, മുഹമ്മദ് മൻസൂർ എന്നിവരാണ് പങ്കെടുത്തത്. മൂലധനനിക്ഷേപവും സംയുക്ത സംരംഭങ്ങളും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ബഹ്റൈൻ ഇന്ത്യ സൊസെറ്റിയും തമ്മിൽ ധാരണ പത്രം ഒപ്പവെച്ചത് സന്ദർശനത്തിലെ പ്രധാന നേട്ടമായി കരുതപ്പെടുന്നു.
ന്യൂഡൽഹിയിലും ബോംബെയിലുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വ്യാപാര സഹകരണത്തിന് ധാരണയായത്. കഴിഞ്ഞ സാമ്പത്തികവർഷം ഇരുരാജ്യങ്ങളൂം തമ്മിൽ 1.65 മില്യൺ യു.എസ്. ഡോളറിന്റെ ഉഭയകക്ഷിവ്യാപാരം നടന്നിരുന്നു. ഈ വർഷം ഇത് രണ്ടു ബില്യൺ യു.എസ്. ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. നിരവധി ഇന്ത്യൻ കമ്പനികൾ ബഹ്റൈനിൽ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയും വ്യക്തമാക്കി. ബഹ്റൈനിലെ ഇന്ത്യൻ എംബസി അധികൃതരുടെ പിന്തുണയും സന്ദർശനം വിജയകരമാക്കുന്നതിന് സഹായിച്ചുവെന്ന് ബഹ്റൈൻ ഇന്ത്യ സൊസെറ്റി ഭാരവാഹികൾ ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടന്ന യോഗത്തിൽ വ്യക്തമാക്കി.
ൂീഹീൂഹ