തൊഴിൽനിയമ ലംഘനം; 2400 വിദേശികൾക്കെതിരെ നടപടി
കഴിഞ്ഞവർഷം അനധികൃതമായി രാജ്യത്ത് തങ്ങുകയും തൊഴിൽനിയമങ്ങൾ ലംഘിക്കുകയും ചെയ്ത 2400 വിദേശികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്റൈൻ തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു. നിലവിൽ 5,59,822 പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബോർഡ് ചെയർമാൻ കൂടിയായ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ പാർലിമെന്റ് എം.പിമാരെ അറിയിച്ചു. 2023 മാർച്ച് അഞ്ചു വരെ 2,655 തൊഴിൽ മേഖലകളിലായി 4,86,047 വിദേശികളാണ് ജോലി ചെയ്യുന്നത്. ഇതുകൂടാതെ 73,775 വീട്ടുജോലി ചെയ്യുന്നവരുമുണ്ട്. ഇതിനുപുറമെയുള്ള 119,713 പേർ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങൾ ആണ്. രാജ്യത്ത് ഇപ്പോൾ 20,844 പ്രവാസി നിക്ഷേപകരുമുണ്ട്. കഴിഞ്ഞ വർഷം, 6,397 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്താനുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കുന്നുണ്ടെന്നും, കഴിഞ്ഞ വർഷം 29,995 ബഹ്‌റൈനികൾക്ക് ജോലി നൽകാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തൊഴിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചത് കാരണം നിരവധി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 27,019 പരിശോധനകളും 292 സംയുക്ത റെയ്ഡുകളും കഴിഞ്ഞ വർഷം നടത്തിയിതായും, ഇതിൽ 2400 പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രജിസ്റ്റർ ചെയ്ത ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 2,34,001 ആണ്. 88,142 ബംഗ്ലാദേശികളും 60,330 പാകിസ്താനികളും രാജ്യത്തുണ്ട്. ഗാർഹിക തൊഴിലാളികളിൽ 20,328 പേർ ഫിലിപൈൻസിൽ നിന്നുള്ളവരാണ്. ഇതേ തൊഴിൽ എടുക്കുന്ന 19,810 ഇന്ത്യക്കാരും, 9,064 ഇത്യോപ്യക്കാരുമുണ്ട്.
fgfdgfdg