ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ; റാഫിൾ നറുക്കെടുപ്പ് മാറ്റി വെച്ച സാഹചര്യം വെളിപ്പെടുത്തണമെന്ന് യുപിപി

ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്ന റാഫിൾ നറുക്കെടുപ്പ് മാറ്റി വെക്കാനിടയാക്കിയ സാഹചര്യം സ്കൂൾ അധികൃതർ വെളിപ്പെടുത്തണമെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നറുക്കെടുപ്പ് നടക്കുമെന്ന് കരുതി അർധരാത്രി വരെ കാത്തുനിന്ന രക്ഷിതാക്കൾ നിരാശരായാണ് മടങ്ങിയതെന്നും, നറുക്കെടുപ്പിനുള്ള റാഫിള്‍ ടിക്കറ്റുകളില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി നമ്പർ ഇല്ലെന്നും ഇത് ക്രമക്കേടിന് വഴിയൊരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
റാഫിള്‍ ബോക്സില്‍ സൂക്ഷിക്കേണ്ട കൂപ്പണുകള്‍ മെഗാഫെയറിന്റെ അവസാന ദിവസം അർധരാത്രിയിൽ പുറത്തെടുത്ത് അധ്യാപകരെയും മറ്റു ജീവനക്കാരെയും കൊണ്ട് മന്ത്രാലയത്തിന്‍റെ അംഗീകാരവും നമ്പറുമടങ്ങുന്ന സീൽ പതിക്കുകയാണ് ചെയ്തതെന്നും ഭാരവാഹികൾ ആരോപിച്ചു. എത്രയും പെട്ടെന്ന് പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഭരണസമിതി തയാറാകണമെന്നും യു.പി.പി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തില്‍ യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കണ്‍വീനര്‍ യു.കെ അനില്‍, മറ്റു ഭാരവാഹികളായ ബിജു ജോർജ്, ജ്യോതിഷ് പണിക്കര്‍, ജോണ്‍ ബോസ്കോ, അബ്ബാസ് സേഠ്, ജോൺ തരകന്‍, അന്‍വര്‍ ശൂരനാട് എന്നിവര്‍ പങ്കെടുത്തു.
ോ