ഇന്റർനാഷണൽ ചാലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റുമായി ബഹ്റൈൻ കേരളീയ സമാജം
ബഹ്റൈൻ കേരളീയ സമാജം ബഹ്റൈൻ ബാഡ്മിന്റൻ ആന്റ് സ്ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെ ദ ഇന്റർനാഷണൽ ചാലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 29 മുതൽ ഡിസംബർ 4 വരെ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ മുപ്പതോളം രാജ്യങ്ങളിൽ നിന്നായി പ്രമുഖരായ മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ അംഗീകാരമുള്ള ടൂർണമെന്റിന്റെ പുരുഷൻമാരുടെ സിംഗിൾസിൽ മുൻനിരക്കളിക്കാരായ ഇന്ത്യയിൽ നിന്നുള്ള സായി പ്രനീത്, പി കാശ്യപ്, മലേഷ്യയിൽ നിന്നുള്ള സെ യോങ്ങ് അങ്ങ് എന്നിവർ പങ്കെടുക്കും. വനിതകളുടെ സിംഗിൾസിൽ ഇന്ത്യയിൽ നിന്നുള്ള മാളവിക ബൻസോദ്, ആകർഷി കശ്യപ് എന്നിവരും പുരുഷൻമാരുടെ ഡബിൾസ് മത്സരങ്ങളിൽ വിഷ്ണുവർദ്ധൻ ഗൗഡ്, കൃഷ്ണപ്രസാദ് എന്നിവരും മിക്സഡ് ഡബിൾസിൽ ഇംഗ്ലംണ്ട് താരങ്ങളായ ജെനി മൂർ, ഗ്രിഗറി മെയിർസ് എന്നിവരും, വനിതകളുടെ ഡബിൾസിൽ ഗായത്രി ഗോപിചന്ദ്, തെരേസ ജോളി എന്നിവരും പങ്കെടുക്കും.
അയ്യായിരത്തോളം കാണികളെയാണ് മത്സരം കാണാനായി പ്രതീക്ഷിക്കുന്നതെന്ന് ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മെയിൻ കോർഡിനേറ്റർമാരായ വിനോദ് വാസുദേവൻ, മുജീബ് റഹ്മാൻ ഓർഗനൈസിങ്ങ് കമ്മിറ്റി അംഗങ്ങളായ ഡോ ബിജോഷ്, മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
a