ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2022’ ആരംഭിച്ചു
ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2022’ സ്റ്റേജ് മത്സരങ്ങൾക്ക് ഇസ ടൗൺ കാമ്പസിൽ വർണാഭമായ തുടക്കം. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജി ആന്റണി, നിർവാഹക സമിതി അംഗം രാജേഷ് എം എൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, അധ്യാപകർ , വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ സ്വാഗതം പറഞ്ഞു. നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട് എന്നിവആദ്യ ദിനത്തിൽ അരങ്ങേറി. 120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നാണ്.
സ്റ്റേജ് പരിപാടികൾ നവംബർ 19 വരെ തുടരും. നവംബർ 23 ന് ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ വേദിയിൽ ഗ്രാൻഡ് ഫിനാലെ നടക്കും. കലാശ്രീ, കലാപ്രതിഭ അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും.രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുത്ത് വരികയായിരുന്നു. കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം, കഴിഞ്ഞ രണ്ട് വർഷമായി സ്കൂൾ യുവജനോത്സവം ഓൺലൈനായാണ് നടത്തിയിരുന്നത്.
ോ