ബഹ്റൈൻ പാർലിമെന്റ് തെരഞ്ഞെടുപ്പ്; ആറ് പേർ വിജയിച്ചു
ബഹ്റൈനിൽ നടന്ന പാർലിമെന്റി, മുനിസിപാലിറ്റി തെരഞ്ഞെടുപ്പിൽ റെക്കാർഡ് പോളിങ്ങ്. 73 ശതമാനം പേരാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്ക് ചേർന്നത്. 2002ന് ശേഷം ഇതാദ്യമായാണ് ഇത്രയും മികച്ച പോളിങ്ങ് ബഹ്റൈനിൽ രേഖപ്പെടുത്തിയത്. അതേസമയം ആകെയുള്ള നാൽപത് സീറ്റുകളിലേയ്ക്ക് നടന്ന മത്സരത്തിൽ ആകെ ആറ് സീറ്റുകളിൽ മാത്രമാണ് വിജയികളെ പ്രഖ്യാപ്പിച്ചത്. കാപിറ്റൽ ഗവർണറേറ്റിൽ നിന്നും മുഹമ്മദ് ജനാഹി, സെയിനബ് അമീർ,മുഹറഖ് ഗവർണറേറ്റിൽ നിന്ന് ഹിഷാം അൽ അഷേരി, അഹമദ് അൽ മുസ്ലീം, സതേൺ ഗവർണറേറ്റിൽ നിന്ന് അലി അൽ അൽ നുയമി, നോർത്തേൺ ഗവർണറേറ്റിൽ നിന്ന് അബ്ദുൽ നബി സൽമാൻ എന്നിവരെയാണ് തെരഞ്ഞെടുപ്പിൽ വിജയികളായി പ്രഖ്യാപ്പിച്ചത്.
ഒരു സീറ്റിൽ പോൾ ചെയ്തതിൽ അമ്പത് ശതമാനത്തിലധികം വോട്ട് കിട്ടിയ സ്ഥാനാർത്ഥിയെ മാത്രമേ വിജയിയായി പ്രഖ്യാപ്പിക്കുകയുള്ളൂ. ഇത് കാരണം ബാക്കിയുള്ള 34 സീറ്റുകളിൽ ഒന്നാമതും രണ്ടാമതുമായി എത്തിയവർ തമ്മിലുള്ള മത്സരം നവംബർ 19ന് നടക്കും. അതേസമയം മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏഴ് പേർക്കാണ് വിജയികളാകാൻ സാധിച്ചത്. ഇതിൽ നാല് പേർ നിലവിലെ മുനിസിപ്പൽ കൗൺസിൽ അംഗങ്ങളാണ്. ബാക്കിയുള്ള 21 സീറ്റുകളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. അബ്ദുള്ള ഇബ്രാഹിം, അഹമദ് അൽ മഖാവി, സഈദ് ശുബർ അൽ വദൈ, സിന ജാസിം, അബ്ദുള്ള ബുബാഷിത്, ഫദൽ അൽ ഔദ്, അബ്ദുള്ള അൽ തവാഡി എന്നിവരാണ് വിജയിച്ചവർ. പരാതികൾ ഒന്നും രേഖപ്പെടുത്താതെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുമ്പോട്ട് പോയതെന്ന് അധികൃതർ അറിയിച്ചു. 2018നെക്കാൾ 20 ശതമാനം വർധനവാണ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷം രേഖപ്പെടുത്തിയത്.
a