ഹഗ്സ് എന്ന പദ്ധതിയുമായി ബഹ്റൈൻ വുമൺ അക്രോസ്
വനിതകളുടെ കൂട്ടായ്മയായ വുമൺ അക്രോസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് വേണ്ടി ഹഗ്സ് എന്ന പദ്ധതി ആരംഭിച്ചു. അധികം ഉപയോഗിക്കാത്ത വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഹഗ്സിന്റെ സോഫ്റ്റ് ലോഞ്ച് ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടന്നു. ആദ്യത്തെ മൂന്ന് സെറ്റ് വസ്ത്രങ്ങൾ വിമൻ അക്രോസ് സ്ഥാപക സുമിത്ര പ്രവീണിന് സുജ പ്രേംജിത്ത് കൈമാറി. പ്രൊജക്ട് കോർഡിനേറ്റർ അനുപമ ബിനു, പ്രേംജിത്ത് നാരായണൻ എന്നിവരും പങ്കെടുത്തു. ഒരു മാസത്തിനുള്ളിൽ അഞ്ച് മുതൽ ആറ് സ്ത്രീകൾക്കാണ് വസ്ത്രങ്ങൾ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് മീഡിയ കോർഡിനേറ്റർ പാർവതി മോഹൻദാസ് പറഞ്ഞു. സ്ത്രീകളുടെ വസ്ത്രങ്ങൾ കൂടാതെ ടവൽ, ബ്ലാങ്കറ്റുകൾ, ബെഡ് ഷീറ്റുകൾ എന്നിവയും സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു.