ബഹ്റൈൻ കേരളീയ സമാജം നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നു
മനാമ
ബഹ്‌റൈൻ കേരളീയ സമാജം 9 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ 'ഉപാസന' എന്ന പേരിൽ സംഘടിപ്പിക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ നൃത്ത-സംഗീത പരിപാടികൾ മാത്രം ഉൾപ്പെടുത്തിയാകും നവരാത്രി ആഘോഷം നടത്തുക എന്ന് സമാജം പത്രക്കുറിപ്പിലൂടെ അറിയിച്ചു. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഒക്ടോബർ 7 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ, ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സ്റ്റേജിൽ ആയിരിക്കും നവരാത്രി ആഘോഷ പരിപാടികൾ അവതരിപ്പിക്കുക. ഏറെ നാളുകളായി കാണികൾക്കു മുൻപിൽ നേരിട്ട് കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ കഴിയാതിരുന്ന ശാസ്ത്രീയ കലാകാരന്മാർക്കും അദ്ധ്യാപകർക്കും ഒരു അവസരം നൽകുന്നതിനോടൊപ്പം സമാജത്തിൻറെ അരങ്ങുണർത്തുന്ന പരിപാടികളാകും ഉപാസനയെന്ന് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമാജം കലാവിഭാഗം കൺവീനർ ദേവൻ പാലോടുമായി 39441016 അല്ലെങ്കിൽ നാദബ്രഹ്മം മ്യൂസിക് ക്ലബ് കൺവീനർ ശ്രീജിത്ത് ഫെറോക്കുമായി 39542099 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.