ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പതിനെട്ടാമത് വാർഷിക ശാസ്ത്ര സാങ്കേതിക ദിനം ആഘോഷിച്ചു
മനാമ
ഇന്ത്യൻ സ്‌കൂളിൽ പതിനെട്ടാമത് വാർഷിക ശാസ്ത്ര സാങ്കേതിക ദിനം ആഘോഷിച്ചു. സ്കൂളിലെ സയൻസ് ഫാക്കൽറ്റി സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീം വഴിയാണ് നടന്നത്. ആദ്യ സെഷനിൽ ആറാം തരം മുതൽ എട്ടാം തരം വരെയുള്ള വിദ്യാർത്ഥികൾ അവരുടെ പ്രോജക്ടുകളും പരീക്ഷണങ്ങളും അവതരിപ്പിച്ചു. രണ്ടാമത്തെ സെഷനിൽ 11, 12 ക്ലാസ് വിദ്യാർത്ഥികളായിരുന്നു പങ്കെടുത്തത്. വളർച്ച ഐഛികമാണ്, മാറ്റം അനിവാര്യവും എന്ന വിഷയത്തിൽ ഇന്റർ സ്കൂൾ സിമ്പോസിയവും ഇതോടൊപ്പം നടന്നു. അവസാന സെഷനിൽ 9, 10 ക്ലാസ് വിദ്യാർത്ഥികളാണ് അവരുടെ പ്രവർത്തന മാതൃകകൾ അവതരിപ്പിച്ചത്. ബഹ്റൈനിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിധികർത്താക്കളും അദ്ധ്യാപകരും ഉൾപ്പെടെ 75 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഇന്റർ സ്കൂൾ സിമ്പോസിയത്തിൽ ഏഷ്യൻ സ്കൂൾ വിദ്യാർത്ഥി സാറാ മരിയൻ ജോസഫ് ഒന്നാം സ്ഥാനം നേടിയപ്പോൾ ന്യൂ മില്ലെനിയം സ്കൂൾ വിദ്യാർത്തി ആര്യൻ കൗൾ രണ്ടാം സ്ഥാനവും, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ലാസ്യശ്രീ കുമിളി മൂന്നാം സ്ഥാനവും നേടി.