നാളെ മുതൽ ബഹ്റൈനിൽ നിയന്ത്രണങ്ങളിൽ അയവ് ; പ്രതീക്ഷയോടെ വിപണി

കോവിഡ് വ്യാപനത്തെ ചെറുക്കാനായി ബഹ്റൈൻ സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് നാളെ മുതൽ അയവ് വരുന്നതോടെ വിപണി കുറേ കൂടി ശക്തി പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. നാളെ മുതൽ ഇൻഡോർ ഡൈനിങ്ങ് സൗകര്യങ്ങൾ ആരംഭിക്കുന്നതോടെ കുടുതൽ പേർ പുറത്തിറങ്ങുമെന്ന് കരുതുന്നു. അതേസമയം മുപ്പത് പേർക്കാണ് ഒരു സമയം ഭക്ഷണത്തിനായി റെസ്റ്ററാന്റുകളിൽ എത്താൻ സാധിക്കുക.
അടച്ചിട്ടിരുന്ന ഇൻഡോർ ജിമ്മുകൾ, സ്പോർട്സ് ഹാളുകൾ, സ്വിമ്മിങ്ങ് പൂളുകൾ എന്നിവയും നാളെ മുതൽ തുറന്ന് പ്രവർത്തനമാരംഭിക്കും. മലയാളികൾ അടക്കം നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന സ്വകാര്യ ട്രെയിനിങ്ങ് ഇൻസ്റ്റിട്ട്യൂട്ടുകളിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പഠനത്തിനായി എത്താൻ സാധിക്കുമെന്ന തീരുമാനവും നാളെ മുതൽ നടപ്പിലാകും. അതേസമയം രാജ്യത്ത് കോവിഡ് രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത് കൊണ്ട് തന്നെ വളരെ ശ്രദ്ധാപൂർവം വേണം പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. മാസ്ക് ധരിക്കുന്നത് മുതൽ സാമൂഹിക അകലം പാലിക്കുന്നതുൾപ്പടെ കർശനമായി പാലിക്കേണ്ടതുണ്ട് എന്നും അവർ ഓർമ്മിപ്പിക്കുന്നു.