ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 481 ആയി

മനാമ
ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം രണ്ട് മരണം കൂടി രേഖപ്പെടുത്തി. 67 വയസ് പ്രായമുള്ള സ്വദേശി വനിത, 60 വയസ് പ്രായമുള്ള വിദേശി പുരുഷൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെയുള്ള വിവരപ്രകാരം ഒരു മരണം കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. 69 വയസ് പ്രായമുള്ള ബഹ്റൈനി പുരുഷനാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണങ്ങൾ 481 ആയി. അതേസമയം 251 വിദേശികൾ ഉൾപ്പടെ ഇന്നലെ 744 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6174. ഇന്നലെ 754 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,23, 170 ആയി. 56 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
ഇന്നലെ 15763 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 32,75,677 ആയി. നിലവിൽ 3,12,119 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,10,225 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്.അതേസമയം രാജ്യത്ത് പുതുതായി മൂന്ന് ലക്ഷം സിനോഫാം വാക്സിനുകൾ കൂടി എത്തിച്ചതായി ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഗൾഫ് എയറിന്റെ കാർഗോവിമാനത്തിലാണ് വെള്ളിയാഴ്ച്ച രാവിലെ വാക്സിന്റെ പുതിയ സ്റ്റോക്ക് എത്തിയത്. ബഹ്റൈനിലെ ചൈനീസ് അംബാസിഡർ അൻവർ ഹബീബുല്ലയിൽ നിന്ന് ആരോഗ്യമന്ത്രി ഫെയ്ഖ ബിന്ത് സഈദ് വാക്സിൻ ഏറ്റുവാങ്ങി.