നവംബർ ഡിസംബർ മാസങ്ങളിലേയ്ക്കുള്ള എയർ ഇന്ത്യ ഷെഡ്യൂൾ വന്നു; നിരക്ക് പഴയത് തന്നെ

മനാമ: ബഹ്റൈനിലേയ്ക്ക് നാട്ടിൽ നിന്ന് നേരിട്ട് വരാൻ ആഗ്രഹിക്കുന്നവർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ നംവബർ, ഡിസംബർ ഷെഡ്യൂളുകൾ പുറത്ത് വന്നെങ്കിലും നിരക്കിന്റെ കാര്യത്തിൽ ആശ്വസിക്കാൻ വകയില്ല. നാൽപ്പതിനായിരത്തോളം രൂപയാണ് പുതിയ ഷെഡ്യൂൾ പ്രകാരം ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. അതേസമയം ഗൾഫ് എയർ വിമാനങ്ങളെ വെച്ച് നോക്കുകയാണെങ്കിൽ പതിനഞ്ചായിരം രൂപയുടെ വരെ വ്യത്യാസമാണ് ഇതിനുള്ളത്. നിരക്ക് ഇത്രയായിട്ടും ഷെഡ്യൂളുകൾ വന്നതോടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നവംബർ മാസം 12 സെർവീസുകളും, ഡിസംബർ മാസം 13 സെർവീസുകളുമാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് കേരളത്തിൽ നിന്ന് നടത്തുന്നത്.
അതേസമയം ദുബായ് വഴി ബഹ്റൈനിലേയ്ക്ക് വരാൻ ശ്രമിക്കുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ വരുന്നതായി യാത്രക്കാർ പറയുന്നു. ദുബായ് വഴിയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണെന്ന രീതിയിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്നും ഇതിൽ വാസ്തവമില്ലെന്നും ഇങ്ങിനെ വന്നവർ അറിയിച്ചു. നാൽപത്തിനായിരത്തോളം രൂപയാണ് ഇത് വഴി വരാനുള്ള ചിലവ്. സാധാരണ ഈ സീസണിൽ 15000 രൂപയുടെ മുകളിൽ വൺവേ നിരക്കായി വരാറുള്ള സ്ഥാനത്താണ് ബഹ്റൈൻ പ്രവാസികൾ അതിന്റെ മൂന്നിരട്ടി വരെ നൽകി വരേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്.