യാത്രാ പ്രശ്നം വീണ്ടും മുഖ്യധാരയിൽ; എംബസിയും ഇടപെടാൻ സാധ്യത

മനാമ: ബഹ്റൈനിലെയ്ക്കുള്ള യാത്രാ പ്രശ്നങ്ങൾ സജീവചർച്ചയാകുന്നു. ദുബൈ വഴി ബഹ്റൈനിലേയ്ക്ക് വരുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറയുന്നത് വരേക്കും ബഹിഷ്കരണം തുടരാനുള്ള ആഹ്വാനവും നാട്ടിൽ നിന്നുള്ള യാത്രക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ സജീവമായിട്ടുണ്ട്.
ബഹ്റൈനിലേയ്ക്ക് പെട്ടന്ന് തിരികെ എത്തേണ്ടവരുടെ എണ്ണത്തിലും വലിയ കുറവ് വന്ന് തുടങ്ങിയതും, നിരക്കിന്റെ കാര്യത്തിൽ വരുന്ന ദിവസങ്ങളിൽ വിമാന കന്പനികളെ മാറ്റി ചിന്തിപ്പിക്കും എന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. അതേസമയം ബഹ്റൈനിലെ ഇന്ത്യൻ എംബസിയും, അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐസിആർഎഫും യാത്ര പ്രശ്നത്തിൽ ഇടപ്പെടുമെന്ന് അറിയുന്നു. കേരളീയസമാജം, പ്രവാസി ലീഗൽ സെൽ എന്നിവർ ഇതിനകം ഇതുമായി ബന്ധപ്പെട്ട് നിവേദനങ്ങൾ നൽകി കഴിഞ്ഞു.
പ്രശ്നത്തിൽ നേരത്തേ മൗനം പാലിച്ചിരുന്ന ബഹ്റൈനിലെ പ്രമുഖ വാട്സാപ്പ് ഗ്രൂപ്പുകളിലും ചർച്ചകൾ സജീവമായിട്ടുണ്ട്. അതേസമയം നവംബർ മാസത്തിലേയ്ക്കുള്ള എയർ ഇന്ത്യ ഷെഡ്യൂളുകൾ അടുത്ത ദിവസങ്ങളിൽ തന്നെ പുറത്ത് വരുമെന്നും അറിയുന്നു.