ടിക്കറ്റ് നിരക്കുകൾ കുറക്കാൻ ദുബൈ വഴി യാത്ര ചെയ്ത് പ്രതിഷേധിച്ച് ബഹ്റൈൻ യാത്രക്കാർ

മനാമ : ബഹ്റൈനിലെയ്ക്കുള്ള യാത്രാ ദുരിതം തുടരുകയാണെങ്കിലും ദുബൈ വഴി ബഹ്റൈനിലേയ്ക്ക് എത്താൻ തീരുമാനിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് കാരണം നേരിട്ടുള്ള വിമാന സർവീസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇരുപത് മുതൽ മുപ്പത് സീറ്റുകൾ വരെ ആളില്ലാതെയാണ് ഗൾഫ് എയർ വിമാനങ്ങൾ നാട്ടിൽ നിന്ന് ബഹ്റൈനിലെത്തിയത്.
വർദ്ധിച്ച ടിക്കറ്റ് നിരക്ക് തന്നെയാണ് നേരിട്ടുള്ള വിമാനത്തിൽ വരേണ്ടതില്ല എന്ന തീരുമാനമെടുക്കാൻ മിക്കവരെയും പ്രേരിപ്പിക്കുന്നത്. സമാനമായ അവസ്ഥ തുടുകയാണെങ്കിൽ ഗത്യന്തരമില്ലാതെ ടിക്കറ്റ് നിരക്കുകൾ കുറക്കേണ്ടി വരുമെന്നാണ് നാട്ടിൽ നിന്ന് വരാനിരിക്കുന്നവരുടെ പ്രതീക്ഷ. അതേസമയം പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി എത്രയും പെട്ടന്ന് ഇടപ്പെടണമെന്ന് ആവശ്യവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബഹ്റൈൻ കേരളീയ സമാജം നിവേദനം നൽകി.
വരുമാനമില്ലാതെ നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് വർദ്ധിച്ച നിരക്ക് നൽകി ബഹ്റൈനിലേയ്ക്ക് മടങ്ങുക എന്നത് താങ്ങാൻ പറ്റാത്ത കാര്യമാണെന്ന് നിവേദനത്തിൽ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ സൂചിപ്പിച്ചിട്ടുണ്ട്. ഗൾഫ് എയർ, സി.ഇ.ഒ, ഇന്ത്യൻ സ്ഥാനപതി എന്നിവർക്ക് നിവേദനം നൽകിയതായി പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുന്നില്ലതും അറിയിച്ചു. അതേസമയം ബഹ്റൈനിൽ നിന്ന് നാട്ടിലേയ്ക്ക് യാത്ര ചെയ്യുന്പോൾ ആരോഗ്യസുവിധ, കോവിഡ് ജാഗ്രത പോർട്ടലുകളിൽ യാത്രക്കാർ തങ്ങളുടെ പേര് റെജിസ്റ്റർ ചെയ്യണമെന്ന് സാമൂഹ്യപ്രവർത്തകർ ഓർമ്മിപ്പിച്ചു.