ഇപ്പോഴത്തെ ശോചനീയാവസ്ഥയ്ക്ക് കാരണം ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പിടിപ്പുകേടെന്ന് യു.പി.പി

മനാമ: ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ കഴിവുകേടും സ്വജനപക്ഷ താത്പര്യങ്ങൾക്ക് വേണ്ടിയുള്ള സാന്പത്തിക ഇടപ്പാടുകളുമാണ് സ്കൂളിന്റെ ഇന്നത്തെ ശോച്യാവസ്ഥായ്ക്ക് കാരണമെന്ന് പ്രതിപക്ഷ കക്ഷിയായ യുപിപി വാർത്താകുറിപ്പിലൂടെ ആരോപിച്ചു. മുൻ കമ്മിറ്റിയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ അസത്യ പ്രസ്താവനകളിലൂടെ കുറ്റപ്പെടുത്തി വിദ്യാലയത്തെ അപകീർത്തിപ്പെടുത്തുകയാണ് ഭരണകക്ഷി ചെയ്യുന്നതെന്നും, ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കിയതിനെതിരെ യുപിപി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ ക്ലാസിൽ ഇരുത്തേണ്ടിവന്ന ജാള്യത മറയ്ക്കാനാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നതെന്നും വാർത്തകുറിപ്പിലൂടെ യുപിപി ആരോപിച്ചു.
വിദ്യാലയത്തിന്റെ അറ്റക്കുറ്റപണിക്കൾക്കായി വകയിരുത്തുന്ന ലക്ഷകണക്കിന് ദിനാർ എവിടെയാണ് പോകുന്നതെന്ന് ബന്ധപ്പെട്ടവർ രക്ഷിതാക്കളോട് വെളിപ്പെടുത്തണമെന്നും യു.കെ അനിൽ, ഹാരിസ് പഴയങ്ങാടി, ഫ്രാൻസിസ് കൈതാരത്ത്, റഫീക് അബ്ദുല്ല, ബിജു ജോർജ്ജ്, എഫ്.എം ഫൈസൽ, ജ്യോതിഷ് പണിക്കർ, സുരേഷ് സുബ്രമണ്യം, ജോൺ ഹെന്റി എന്നിവർ ആവശ്യപ്പെട്ടു.