ബഹ്റൈനിലേയ്ക്ക് വർദ്ധിച്ച യാത്രാ നിരക്കിൽ വലഞ്ഞ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ

മനാമ: എയർബബിൾ കരാർ ആശ്വാസകരമാകുമെന്ന് കരുതി കാത്തിരുന്ന ബഹ്റൈനിലേയ്ക്കുള്ള യാത്രക്കാർക്ക് അക്ഷരാർത്ഥത്തിൽ ഇടിത്തീയായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ യാത്ര നിരക്കുകൾ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ 200 ദിനാർ വരെയാണ് ഈടാക്കുന്നതെങ്കിൽ ഗൾഫ് എയർ വിമാനത്തിന്റെ നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ബഹ്റൈനിലേയ്ക്ക് 360 ദിനാർ വരെ വാങ്ങിയ സംഭവം വരെയുണ്ടായിട്ടുണ്ട്. എയർ ബബിൾ വരുന്നതിന് മുന്പ് ചാർട്ടേർഡ് വിമാന സേവനത്തിന,് ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നതിനും തിരികെ വരുന്നതിനുമായി പതിനെട്ടായിരം ദിനാർവരെയായിരുന്നു ബഹ്റൈനിലെ സാമൂഹ്യസംഘടനകൾ നൽകിയിരുന്നത്.
170 മുതൽ 180 യാത്രക്കാർ വരെ ഇതിൽ യാത്ര ചെയ്തിരുന്നു. അതേ സ്ഥാനത്താണ് ഇപ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകളിൽ നിന്ന് ഏറ്റവും കുറഞ്ഞത് അറുപതിനായരം ദിനാറെങ്കിലും അധികമായി ഈടാക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. ഈ പകൽ കൊള്ളക്കെതിരെ മുന്പ് സംഘടനകളുടെ ചാർട്ടേർഡ് വിമാനങ്ങൾക്കെതിരെ ശബ്ദിച്ചവരും മൗനം പാലിക്കുകയാണ് എന്നത് ഖേദകരമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഴി ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ചില സാമൂഹ്യപ്രവർത്തകർ ശ്രമിക്കുന്നുണ്ടെങ്കിൽ പോലും ഒന്നും തന്നെ ഫലവത്തായിട്ടില്ല.
അതേസമയം ബഹ്റൈനിലെയും കേരളത്തിലെയും ട്രാവൽ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കന്പനികളാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്കുകൾ ഉയർത്താനായും, കരിഞ്ചന്തയിൽ നൽകാനായും മുന്പിൽ നിൽക്കുന്നത് എന്നും പരാതിയുണ്ട്. ദുബൈ വഴി നാൽപ്പതിനായിരം രൂപയിൽ കുറഞ്ഞ് ബഹ്റൈനിലേയ്ക്ക് വരാൻ സാധിക്കുന്നുണ്ട് എന്നത് മാത്രമാണ് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത്. ഇതിനും എന്തെങ്കിലും തരത്തിൽ പാരകൾ വെക്കുമോ എന്ന ആശങ്കയിലാണ് സാധാരണ യാത്രക്കാർ.